maradu-flat-
maradu flat, supreme court, review petition,

തിരുവനന്തപുരം: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമ്മാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുത്ത് അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികളിലേക്ക് നീങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കെട്ടിട നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു.

മരടിലേതിന് സമാനമായി നിയമം ലംഘിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലായി നിർമ്മിച്ച 1800ഒാളം കെട്ടിടസമുച്ചയങ്ങൾ പൊളിക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഇടപെട്ട സ്ഥിതിക്ക് ഇനി ഇളവ് പറ്റില്ലെന്നും മന്ത്രിസഭായോഗം വിലയിരുത്തി. മരട് വിഷയത്തിൽ സുപ്രീംകോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം ഇന്നലെ മന്ത്രിസഭ ചർച്ച ചെയ്തത്. കോടതി നിർദ്ദേശിച്ചതനുസരിച്ചുള്ള തുടർനടപടികളിലേക്ക് വേഗം നീങ്ങാനാണ് തീരുമാനം.

മരട് ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറായെത്തിയ യോഗ്യതയുള്ള ആറ് കമ്പനികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് മരട് മുനിസിപ്പാലിറ്റി പൊളിക്കൽ കരാർ നൽകും.

മരടിൽ ഫ്ലാറ്റ്സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾ അനുവദിച്ച് കൊടുത്തിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ ഫ്ളാറ്റുകൾക്കും ബാധകമാണെന്നിരിക്കെ പല കെട്ടിടസമുച്ചയങ്ങളും പൊളിക്കേണ്ടി വരും.
തീരപരിപാലന നിയമത്തിൽ പിന്നീട് ഭേദഗതി വന്നിട്ടുണ്ടെങ്കിലും (500 മീറ്റ‌ർ പരിധി 200 മീറ്ററാക്കി) കെട്ടിട നിർമ്മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമം മാത്രമേ ആ സമുച്ചയങ്ങൾക്ക് ബാധകമാകൂ. മുൻകാല പ്രാബല്യമില്ല. ഇക്കാര്യത്തിൽ ഇനി വേറെ വഴിയൊന്നുമില്ലെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ വിശദീകരിച്ചു.
സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായത് നന്നായെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഫ്ളാറ്റ് ഉടമകൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകില്ല.
തീര പരിപാലന നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.