1

വിഴിഞ്ഞം: തീരത്തെ നിരാശയിലാക്കി ഈ വർഷത്തെ മത്സ്യബന്ധന സീസണിന് തിരശീല വീണു. ഇനി തീരത്ത് വറുതിയുടെ നാളുകൾ. ചാകര പ്രതീക്ഷിച്ചെത്തിയ ദൂരദേശമത്സ്യതൊഴിലാളികൾ തിരികെ മടങ്ങി. കയറ്റുമതി മേഖലയിലും കനത്ത തിരിച്ചടിയായിരുന്നു. കൊഞ്ച്,കണവ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ലഭ്യതക്കുറവ് കാരണം വൻ നഷ്ടമാണ് മത്സ്യതൊഴിലാളികൾക്ക് ഉണ്ടായത്. കാലാവസ്ഥ പ്രതികൂലമായത് മത്സ്യ ബന്ധനത്തെയും ബാധിച്ചു. മുൻ കാലങ്ങളിൽ കാലാവസ്ഥ പ്രതികൂലമായാലും സീസണിൽ ജീവൻ പണയം വച്ചും തൊഴിലാളികൾ കടലിൽ പോകുമായിരുന്നു. ഓഖി നൽകിയ പ്രഹരത്തിന് ശേഷം മുന്നറിയിപ്പ് ഉണ്ടായാൽ തൊഴിലാളികൾ കടലിൽ പോകാൻ ഭയക്കുകയാണ്. ജൂണിൽ ആരംഭിച്ച സീസൺ വലിയ പ്രതീക്ഷയാണ് വിഴിഞ്ഞത്തിന് നൽകിയത്. എന്നാൽ കടലമ്മ കനിഞ്ഞില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. ഇവർക്ക് മത്സ്യം ലഭിക്കാതെ വന്നതോടുകൂടി കടക്കെണിയിലേക്ക് മാറിയിരിക്കുകയാണ്. മത്സ്യ ബന്ധന ഉപകരണ വില്പന മുതൽ ഐസ് ഫാക്ടറികൾ വരെ നല്ല പ്രതീക്ഷയിലായിരുന്നുവെങ്കിലും കാലവർഷവും കടലും ചതിച്ചു. തീരത്ത് സീസൺ പ്രതീക്ഷിച്ച ഓട്ടോ ഡ്രൈവർമാരും ഗുഡ്സ് വാഹനനക്കാരും ഉൾപ്പെടെയുള്ളവരെ സീസൺ പ്രതികൂലമായി ബാധിച്ചു. തീരത്തെ നൂറുകണക്കിന് കുടുംബക്കാർക്ക് ഇനി പട്ടിണിയുടെ കാലമാണ്.