ഇന്ന് ലോക ടൂറിസം ദിനം
ടൂറിസവും തൊഴിലും : മികച്ച ഭാവി എല്ലാവർക്കും"പ്രതീക്ഷാനിർഭരമായ ഈ സന്ദേശമാണ് ഇത്തവണത്തെ ലോകടൂറിസം ദിനത്തിന്റെ സന്ദേശം. ടൂറിസംരംഗത്ത് ശക്തമായി നിലയുറപ്പിച്ചിട്ടുള്ള ദൈവത്തിന്റെ സ്വന്തം നാടിന് പ്രചോദനമേകുന്നതാണ് ഈ സന്ദേശം. ടൂറിസം കൊണ്ടുള്ള ഗുണം പ്രദേശവാസികൾക്ക് അനുഭവവേദ്യമാകണമെന്ന ആശയം നേരത്തെതന്നെ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ചതും കൂടുതൽ തൊഴിലവസര നിർദ്ദേശങ്ങളടങ്ങിയ പുതിയ ടൂറിസം നയം ആവിഷ്കരിച്ചതുമെല്ലാം ഇതിന്റെ ഭാഗമായാണ്. 36000 കോടി രൂപയാണ് കഴിഞ്ഞ വർഷം ടൂറിസം മേഖലയിൽ നമ്മുടെ വരുമാനം. 15 ലക്ഷത്തോളം ആളുകളാണ് ടൂറിസം രംഗത്ത് ജോലി ചെയ്യുന്നത്.
'അതിഥി ദേവോ ഭവ"എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കുന്നിടത്താണ് ടൂറിസം വികസനം യാഥാർത്ഥ്യമാകുന്നത്. സർക്കാർ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനൊപ്പം സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മാത്രമേ മുന്നോട്ട് പോകാനാകൂ. ആഗോളതലത്തിൽത്തന്നെ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലാണ് ടൂറിസം മേഖലയുടെ പ്രസക്തി വർദ്ധിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ കാലത്തും മാനവവിഭവശേഷി അനിവാര്യമായ മേഖലയാണിത്.
ഉത്തരവാദിത്ത ടൂറിസത്തിലൂടെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് മാത്രമല്ല കർഷകർക്കും, തൊഴിലാളികൾക്കും വീട്ടമ്മമാർക്കുമെല്ലാം വരുമാനം നേടാം. പരോക്ഷമായും വൻതോതിൽ തൊഴിലവസരങ്ങളൊരുക്കാം ഒരു വിനോദസഞ്ചാര കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് തദ്ദേശവാസികൾക്ക് ലഭ്യമാക്കേണ്ടതാണെന്ന ആശയമാണ് സാമ്പത്തിക ഉത്തരവാദിത്ത ടൂറിസത്തിന്റേത്. ടൂറിസത്തിന്റെ വരുമാനം പ്രാദേശിക സാമ്പത്തിക വികസനത്തിന് ഉപയോഗിക്കുന്നതിലൂടെ പ്രദേശവാസികൾക്ക് അധികം വരുമാനമോ മുഖ്യവരുമാനമോ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള ഗ്രാമീണ ടൂറിസം പാക്കേജ് തനതു സംസ്കാരത്തെയും പൈതൃകത്തെയും തന്മയത്വത്തോടെ ടൂറിസ്റ്റുകൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. ഇങ്ങനെ പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണവും തദ്ദേശവാസികൾക്ക് വരുമാനവും ഉറപ്പാക്കുന്നു. ഒപ്പം ടൂറിസ്റ്റുകൾക്ക് പ്രദേശത്തിന്റെ പ്രത്യേകതകളും സാംസ്കാരികതയും മനസിലാക്കാനുള്ള അവസരവും ഒരുക്കുന്നു.
30549 പേർക്ക് നേരിട്ടും, 59763 പേർക്ക് പരോക്ഷമായും ഉത്തരവാദിത്ത ടൂറിസത്തിലൂടെ തൊഴിലവസരം നൽകാനായി. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന തലത്തിൽ സ്ഥാപിതമായി രണ്ട് വർഷത്തിനുള്ളിൽ 89765 സഞ്ചാരികളാണ് ഗ്രാമീണ ടൂറിസം മേഖലകളിലേക്കെത്തിയത്. മിഷൻ രൂപീകൃതമാകുന്നതിന് മുമ്പുള്ള 10 വർഷം കൊണ്ട് 12 കോടി വരുമാനം കിട്ടിയ യൂണിറ്റുകൾ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ രണ്ട് വർഷത്തിനുള്ളിൽ മാത്രം 13 കോടിയോളം രൂപയുടെ വരുമാനം നേടിയെന്നത് വിസ്മയകരമായ നേട്ടമാണ്. വായു, മണ്ണ്, ജലം, ജീവജാലങ്ങൾ ഇവയെല്ലാം പൊതുസ്വത്താണ്. ഈ പൊതുസ്വത്തുക്കളുടെ പ്രത്യേകതകൾ തന്നെയാണ് ടൂറിസത്തിന്റെ ആകർഷണവും. ഇവയ്ക്കു മേലാണ് ടൂറിസം വ്യവസായം നിക്ഷേപം നടത്തുന്നത്. അതിനാൽ അവ സംരക്ഷിക്കാൻ ടൂറിസം വ്യവസായത്തിനും ടൂറിസ്റ്റുകൾക്കും ബാദ്ധ്യതയുണ്ട്. ടൂറിസം മേഖലയിലെ ഒരു പ്രതിസന്ധി പുതിയ സംരംഭകർക്കും, തൊഴിലെടുക്കുന്നവർക്കും പ്രായോഗിക പരിചയം കുറവാണെന്നതാണ്. അതിന് പരിഹാരമായി ടൂറിസംരംഗത്തെ മാനവശേഷി വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ നടപടി സ്വീകരിച്ചു. ടൂറിസ്റ്റ് ഗൈഡുകൾക്ക് പ്രത്യേക പരിശീലനം നൽകി സർട്ടിഫിക്കറ്റും, ലൈസൻസും നൽകിയത് രംഗത്തെ അരാജകത്വം അവസാനിപ്പിക്കാനാണ്.
ടൂറിസം മേഖലയുടെ ബ്രാൻഡ് അംബാസഡർമാരായി, മികച്ച സേവനം ലഭ്യമാക്കുന്നവരായി ടൂറിസ്റ്റ് ഗൈഡുകൾ മാറുമ്പോഴാണ് സംസ്ഥാനത്തെക്കുറിച്ച് വിനോദസഞ്ചാരികൾക്ക് മികച്ച അഭിപ്രായമുണ്ടാകുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പെടെ പുതിയ ഉത്പന്നങ്ങൾ ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കാൻ പിണറായി സർക്കാരിന് സാധിച്ചു. യുവയാത്രികർ, പ്രൊഫഷണലുകൾ, പ്രത്യേക അഭിരുചിയുള്ള സംഘങ്ങൾ, വിദ്യാർത്ഥികൾ, കലാകാരന്മാർ എന്നിവരെ ലക്ഷ്യമിട്ട് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ മുൻഗണന നൽകിയത് ഇതുകൊണ്ടാണ്. വൻ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്ന വയനാട്ടിലെ മഡ് ഫുട്ബോൾ പോലുള്ള കായികവിനോദങ്ങൾ കേരളത്തെ എല്ലാക്കാലവും ടൂറിസം സീസണുള്ള കേന്ദ്രമാക്കി മാറ്രിയിട്ടുണ്ട്. 14 ജില്ലകളിലായി ചെറുതും വലുതുമായ 300 ഓളം ടൂറിസം പദ്ധതികൾക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. ഏകദേശം 400 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കാണ് വിവിധ ജില്ലകളിലായി മൂന്ന് വർഷത്തിനകം സർക്കാർ അനുമതി നൽകിയത്. പ്രവൃത്തി പുരോഗമിക്കുകയാണ്. പദ്ധതികൾ പൂർത്തിയാക്കുമ്പോൾ അടിസ്ഥാന സൗകര്യ വികസനരംഗത്തും തൊഴിലവസരത്തിലും കുതിച്ച് ചാട്ടമുണ്ടാകും.
ഓഖിയും നിപ്പയും പ്രളയവും കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയത് ടൂറിസത്തിനായിരുന്നു. അതിശക്തമായ മാർക്കറ്റിംഗിലൂടെ വിപണിയിൽ തിരിച്ചെത്താനായി. അതുകൊണ്ടാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായത്. മഹാപ്രളയം നാശം വിതച്ച 2018 ൽ പോലും 11 ലക്ഷം വിദേശ വിനോദസഞ്ചാരികൾ കേരളത്തിലെത്തി. കഴിഞ്ഞ ആറ് മാസത്തിൽ 95.67 ലക്ഷം വിനോദസഞ്ചാരികളാണ് കേരളം കാണാനെത്തിയത്. സഞ്ചാരികളുടെ എണ്ണത്തിൽ 10.81 ശതമാനം വർദ്ധനയാണ് ഇക്കാലയളവിലേത്. 6.05 ലക്ഷം വിദേശ വിനോദസഞ്ചാരികൾ ആറ് മാസത്തിനുള്ളിൽ കേരളം സന്ദർശിച്ചത് വർഷാവസാനത്തോടെ കാര്യമായ വളർച്ചയുണ്ടാകുമെന്നതിന്റെ സൂചനയാണ്.
ആധുനിക വിനോദസഞ്ചാരികൾ ജീവിതഗന്ധിയായ ചുറ്റുപാടുകൾ തേടിയാണ് കേരളത്തിലെത്തുന്നത്. സഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചക്കാരായി മാത്രം മാറ്റാതെ ചുറ്റുപാടിന്റെ ഭാഗഭാക്കാക്കുന്നതാണ് പുതിയ പ്രവണത. . കേരള ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനവും നൈസർഗികതയും കലയും ആചാരവും ഭക്ഷണവും ടൂറിസം ഉത്പന്നങ്ങളായി മാറ്റുന്നത് വലിയ നേട്ടമാകും.
അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ പെരുമഴയിലാണ് കേരള ടൂറിസം. കഴിഞ്ഞയാഴ്ചയാണ് കസാഖ്സ്ഥാനിൽ വച്ച് രാജ്യാന്തര പുരസ്കാരമായ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ മൂന്ന് പുരസ്കാരങ്ങൾ കേരള ടൂറിസത്തിന് വേണ്ടി ഞാൻ സ്വീകരിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള കുമരകം എത്നിക് ഫുഡ് റസ്റ്റോറന്റിനാണ് ഒരു പുരസ്കാരം ലഭിച്ചതെന്നത് ഏറെ അഭിമാനവും സന്തോഷവും നൽകുന്നു. കുമരകം ടൂറിസം ഗ്രാമത്തിലെ സ്ത്രീകളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കൾക്കും, സ്ത്രീകൾക്കും തൊഴിൽ പ്രദാനം ചെയ്യുന്നതാകണം ടൂറിസം സംരംഭങ്ങളെന്ന യു.എൻ.ഡബ്ളിയു.ടിഒയുടെ നിർദ്ദേശം നേരത്തെ നടപ്പാക്കിത്തുടങ്ങിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് ഈ പുരസ്കാരം വലിയ അംഗീകാരമായി.
ഈ വർഷത്തെ ലോകടൂറിസം ദിന സന്ദേശം മുന്നോട്ട് വയ്ക്കുന്ന ആശയം ടൂറിസം സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ എല്ലാവർക്കും മികച്ചഭാവി നൽകുന്നതായി മാറണമെന്നതാണ്.കേരളത്തിനും ടൂറിസത്തിനും വലിയ പ്രചോദനമേകുന്നതാണ് ഈ സന്ദേശം. മികച്ച പരിശീലനം നൽകി യുവാക്കളെയും സ്ത്രീകളെയും ഈ മേഖലയിൽ സംരംഭകത്വത്തിനും, തൊഴിൽ സമ്പാദനത്തിനും പ്രാപ്തരാക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് നേതൃത്വം നൽകും.