1

കോവളം: ലൈറ്റ് ഹൗസ് ബീച്ചിൽ അപൂർവയിനം കടലാമ ചത്തടിഞ്ഞു. ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട സംരക്ഷിത പട്ടികയിലുള്ള അപൂർവയിനം ആമയാണിത്. ഏകദേശം 30 കിലോ ഭാരമുള്ള ഈ ആമയുടെ വായിൽ നിന്ന് രക്തസ്രാവമുണ്ടായിരുന്നെന്നും തിരയിൽ പാറയിൽ ഇടിച്ചതാവാം കാരണമെന്നും സംശയിക്കുന്നതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു. പരുത്തിപ്പളളി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഫോറസ്റ്റ് ഓഫീസർ ടി.വിജയമോഹനൻ, ബി.എഫ്.ഒ. ജി.സന്തോഷ് കുമാർ, ശരത്, നിഷാദ്, വരദരാജൻ എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിഴിഞ്ഞം വെറ്ററിനറി ഡോ. ആശയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ ഹാച്ചറി പരിസരത്ത് മറവ് ചെയ്തു. കഴിഞ്ഞ മാസവും വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞ 4 കടലാമകളിൽ ഒരെണ്ണം ചത്ത നിലയിൽ കണ്ടെത്തിരുന്നു. മറ്റുള്ളവയെ തിരികെ കടലിൽ വിട്ടിരുന്നു.