തിരുവനന്തപുരം: കേരളത്തിന്റെ ഉടമസ്ഥതയിൽ തമിഴ്നാട്ടിലുള്ള, 2500 കോടി രൂപ വിലവരുന്ന കുറ്റാലം കൊട്ടാരം വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ 'പാലസ് സൂപ്രണ്ട് ' പ്രഭു ദാമോദരനെ പുറത്താക്കിയതിനു പിന്നാലെ 'പാലസ് സൂപ്രണ്ട് ' എന്ന തസ്തികയും നിറുത്തലാക്കി. കൊട്ടാരത്തിന്റെയും ഭൂമിയുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം കേരളത്തിനാണെന്ന് തിരുനെൽവേലി റവന്യൂ ഡിവിഷണൽ ഓഫീസറുടെ ഉത്തരവുണ്ടായതിനു പിന്നാലെയാണ് കൊട്ടാരം തിരിച്ചുപിടിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിയത്. എന്നാൽ പ്രഭുവിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ലോബി കൊട്ടാരവും അനുബന്ധ വസ്തുവകകളും വിട്ടൊഴിയാതെ തുടരുന്നതായാണ് സൂചന.
പതിറ്റാണ്ടുകളായി മേൽനോട്ടച്ചുമതലയുള്ള പാലസ‌് സൂപ്രണ്ടിന്റെ നിയന്ത്രണത്തിലാണ് കൊട്ടാരം. 1989 ഒക്ടോബർ ഒന്നിന് ഒരു വർഷത്തേക്ക് സൃഷ്ടിച്ച പാലസ് സൂപ്രണ്ട് തസ്തിക, നാല് വർഷം മുമ്പ് അവിഹിത സ്വാധീനത്തിലൂടെ സ്ഥിരം തസ്തികയാക്കി മാറ്റുകയായിരുന്നു. പക്ഷേ, പൊതുമരാമത്ത് വകുപ്പ് ഇതിനെ സ്പെഷ്യൽ തസ്തികയായി അംഗീകരിച്ചിരുന്നില്ല. ലാസ്റ്റ് ഗ്രേഡ് പദവിയിലുള്ള പാലസ് സൂപ്രണ്ട് തസ്തിക കൊട്ടാരത്തിന്റെ സംരക്ഷണത്തിന് പര്യാപ്തമല്ലാത്തതിനാലും ഭരണപരമായി ആവശ്യമില്ലാത്തതിനാലുമാണ് അത് നിറുത്തലാക്കുന്നതെന്ന് ഉത്തരവിലുണ്ട്.
പാലസ് സൂപ്രണ്ട് തസ്തികയിലിരുന്നവരെല്ലാം കൊട്ടാരവും സ്വത്തുക്കളും കൊള്ളയടിക്കുകയായിരുന്നു. വൻകിടക്കാരായ പച്ചക്കറി, പൂകൃഷിക്കാരുടെ കൈവശത്തിലായിരുന്നു കൊട്ടാരം ഭൂമിയുടെ ഏറിയപങ്കും. കൊല്ലം ജില്ല കളക്ടറുടെ നേതൃത്വത്തിൽ ഭൂരേഖകൾ പരിശോധിച്ച് ഏറെ പണിപ്പെട്ടാണ് കൈയേറ്റം കണ്ടെത്തിയത്. കൃഷി നടത്തിപ്പുകാർ കൊട്ടാരത്തിലും തൊഴിലാളികൾ കൊട്ടാരവളപ്പിൽ കുടിൽകെട്ടിയും താമസിക്കുകയാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് 18.50 ലക്ഷവും കമ്പിവേലി കെട്ടാൻ 48 ലക്ഷവും സർക്കാർ അനുവദിച്ചെങ്കിലും കൊട്ടാരവും ഭൂമിയും വേലികെട്ടിത്തിരിക്കാൻ തമിഴ്നാട് ഗുണ്ടകൾ അനുവദിച്ചില്ല. അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ തോക്കുചൂണ്ടിയാണ് വിരട്ടിയോടിച്ചത്. പാലസ് സൂപ്രണ്ട് പ്രഭുവിനെ സർക്കാർ സസ്പെൻഡ് ചെയ്തെങ്കിലും സസ്പെൻഷനുള്ള കാരണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ ജില്ലാകോടതിയിലും അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് നൽകി. ഈ സമയത്ത് പകരംവന്ന ഉദ്യോഗസ്ഥന് ചുമതല കൈമാറാതെ പ്രഭുവും സഹോദരനും ഗുണ്ടകളും ചേർന്ന് കൊട്ടാരം കൈയടക്കി വച്ചു. എന്നാൽ, ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് പാലസ് സൂപ്രണ്ട് എന്ന തസ്തിക സൃഷ്ടിച്ചെടുത്തെന്ന സർക്കാർ നിലപാട് അംഗീകരിച്ച് പ്രഭുവിന്റെ ഹർജി അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളിയതോടെയാണ് ഇയാളെ പുറത്താക്കുകയും തസ്തിക നിറുത്തലാക്കുകയും ചെയ്തത്.
പ്രഭുവിന്റെ ചെയ്തികൾ
അവസാനം സൂപ്രണ്ടായിരുന്ന പ്രഭു ദാമോദരൻ, കൊട്ടാരവും 56.68 ഏക്കർ ഭൂമിയും വ്യാജരേഖയുണ്ടാക്കി കൈക്കലാക്കി. ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചുകടത്തി. കൊട്ടരത്തിന്റെ ചുമരുകളിൽ പരസ്യങ്ങൾ പതിച്ചു. കൊട്ടാരം വാടകയ്ക്കും ഭൂമി പാട്ടത്തിനും നൽകി. കൊട്ടാരവളപ്പിലെ ഒരുഭാഗത്ത് ബസ് പാർക്കിംഗും സർവീസിംഗും അനുവദിച്ചും പണമുണ്ടാക്കി. കുറ്റാലം വെള്ളച്ചാട്ടത്തിൽനിന്ന് കൊട്ടാരത്തിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ തകർത്തു. കൊട്ടാരത്തിന്റെയും ഭൂമിയുടെയും ആദായം കൈയടക്കുകയും കുടിവെള്ളം സ്വകാര്യകമ്പനികൾക്ക് മറിച്ചുവിൽക്കുകയും ചെയ്തു. കൊട്ടാരഭൂമിയുടെ ഒരുഭാഗം 200 കോടിക്ക് വില്പന നടത്താൻ ശ്രമിച്ചെങ്കിലും വിവരമറിഞ്ഞ് സർക്കാർ ഇടപെട്ടതിനാൽ അത് നടന്നില്ല.
പ്രഭു വന്ന വഴി?
1979 ആഗസ്റ്റ് വരെ സൂപ്രണ്ടായിരുന്ന തമിഴ്നാട്ടുകാരനായ ദാമോദരതേവരുടെ മകൻ വേലായുധത്തിന്റെ സഹോദരപുത്രനാണ് പ്രഭു. 2007വരെ കൊട്ടാരത്തിന്റെ ചുമതലക്കാരനായിരുന്നു വേലായുധം. തുടർന്ന് താത്കാലിക ജീവനക്കാരനായി പ്രഭു എത്തി. എന്നാൽ, സ്ഥിരംജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ അന്നേ നേടിയെടുത്തിരുന്നു. പ്രഭുവിനെ 2009ൽ ചട്ടവിരുദ്ധമായി കൊട്ടാരം സൂപ്രണ്ടാക്കി. 2015ൽ സർവീസിൽ സ്ഥിരപ്പെടുത്തി.
''കൊട്ടാരം കൈയേറ്റക്കാരിൽനിന്ന് തിരിച്ചെടുത്ത് വേലികെട്ടി സംരക്ഷിക്കും. മാർത്താണ്ഡവർമ്മ രാജാവ് വിലയ്ക്കു വാങ്ങിയ സ്ഥലത്തിന്റെ പട്ടയം നിയമപരമായി കേരളത്തിന് കൈമാറ്റം ചെയ്തിട്ടുണ്ട്.''
മന്ത്രി ജി. സുധാകരൻ