smash-computers

നെടുമങ്ങാട് : കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും തകരാറിലായതോടെ നെടുമങ്ങാട് ജോയിന്റ് ആർ.ടി ഓഫീസ് പ്രവർത്തനം അവതാളത്തിലായി. ലൈസൻസ് വിതരണവും രജിസ്‌ട്രേഷനും ലേണേഴ്‌സും മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ആർ.ടി ഓഫീസിലുള്ള കമ്പ്യൂട്ടറിന്റെ നിലവിലുള്ള രണ്ട് യു.പി.എസിൽ ഒരെണ്ണം പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. ഒരെണ്ണം ഭാഗികമായേ പ്രവർത്തിക്കുന്നുള്ളു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് കമ്പ്യൂട്ടറുകളും പ്രവർത്തനരഹിതമാണ്‌. ഇതിനു പുറമെ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിനുള്ള പ്രിന്ററുകളും തകരാറിലായി.നിരവധി അപേക്ഷകരുടെ ലൈസൻസുകളും ആർ.സി ബുക്കുകളും നൽകാനാവാതെ കെട്ടിക്കിടക്കുകയാണ്. പുതിയ രജിസ്‌ട്രേഷനും ലേണേഴ്‌സ് ടെസ്റ്റും നടത്താൻ കഴിയാതെ ആർ.ടി ഓഫീസിലെ ജീവനക്കാരും വലയുന്നു.ലൈസൻസും ആർ.സി ബുക്കും വൈകുന്നത് ജീവനക്കാരുമായുള്ള വാക്കുതർക്കത്തിന് ഇടയാക്കിയിട്ടുണ്ട്. ആർ.ടി ഓഫീസിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും ബന്ധപ്പെട്ട അധികൃതർക്കും ഇടപാടുകാർ രേഖാമൂലം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പരാതികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആർ.ടി ഓഫീസ് മേധാവികൾ പറഞ്ഞു.