തിരുവനന്തപുരം: കേരളവും തമിഴ്നാടും തമ്മിലുള്ള നദീജലത്തർക്കവുമായി ബന്ധപ്പെട്ട് 60 വർഷമായി പുതുക്കാത്ത പറമ്പിക്കുളം - ആളിയാർ കരാർ പുനരവലോകനം ചെയ്യാൻ ഇന്നലെ ഇരുപക്ഷവും തമ്മിൽ ഇവിടെ നടന്ന ചർച്ചയിൽ തീരുമാനിച്ചു.
ഇതിനായി ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ മേൽനോട്ടത്തിൽ അഞ്ച് സെക്രട്ടറിമാർ വീതമുള്ള കമ്മിറ്റിയെ നിയോഗിക്കും. സമിതിയിലെ അംഗങ്ങളെയും യോഗം ചേരേണ്ട സമയവും ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനിച്ച് പരസ്‌പരം അറിയിക്കും. സമിതിയിൽ സാങ്കേതിക വിദഗ്ദ്ധരുമുണ്ടാകും. ഇരു ചീഫ് സെക്രട്ടറിമാരും ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് ചർച്ചയുടെ പുരോഗതി വിലയിരുത്തുമെന്നും യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1958 മുതൽ മുൻകാല പ്രാബല്യത്തോടെ 1970ൽ നിലവിൽ വന്ന പറമ്പിക്കുളം കരാർ 30 വർഷം കൂടുമ്പോൾ ഉഭയസമ്മതപ്രകാരം പുതുക്കണമെന്നാണ് വ്യവസ്ഥ.
ഇതേ കമ്മിറ്റി തന്നെ ആനമലയാർ, നീരാർ - നെല്ലാർ, മണക്കടവ് എന്നീ വിഷയങ്ങളിലും ചർച്ച നടത്തും. മുല്ലപ്പെരിയാറിൽ നിന്ന് തമിഴനാടിന് ജലം നൽകുമ്പോൾ പകരം കേരളത്തിന് വൈദ്യുതി നൽകുന്നതിലും സമിതി ചർച്ച ചെയ്ത് തീരുമാനിക്കും. പാണ്ടിയാർ -പുന്നപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പിന്റെ വിദഗ്ദ്ധർ കൂടി ഉൾപ്പെട്ട കമ്മിറ്റി രൂപീകരിക്കും. തർക്കങ്ങൾ തുടരുന്നതിനല്ല പരിഹാരത്തിനാണ് മുൻതൂക്കമെന്നും ഇതൊരു നല്ല തുടക്കമാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിൽ തമിഴ്നാടിന്റെ നല്ല സഹകരണമാണുണ്ടായെതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമിതിയുടെ പ്രവർത്തനത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാടി പളനിസാമിയും പറഞ്ഞു.
25 പേരെ കസ്റ്റഡിയിലെടുത്തു, വിട്ടു
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കെതിരെ പ്രതിഷേധിക്കാനെത്തിയ 25 പേരെ ഫോർട്ട് പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. ചെമ്പകവല്ലി നദി സംരക്ഷണ സമിതി നേതാവ് പെരുമാൾ അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. നദീജല വിഷയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രതിഷേധമുണ്ടായേക്കാമെന്ന തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗമായ ക്യു ബ്രാഞ്ചിന്റെ അറിയിപ്പിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് നിവേദനം നൽകാനാണ് തങ്ങൾ വന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരിൽ സംശയകരമായ യാതൊന്നും കണ്ടെത്തിയില്ല. രാത്രി 8.30ന് എടപ്പാടിയും സംഘവും മടങ്ങിയതോടെ ഇവരെ വിട്ടയച്ചു.