തിരുവനന്തപുരം:യു.ഡി.എഫിന് ലോക് സഭാ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്ന് ഇന്നലെ ചേർന്ന മുന്നണി നേതൃയോഗം വിലയിരുത്തി.
പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ്ടോം നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും. ഉപതിരഞ്ഞെടുപ്പിൽ നാലു സീറ്രുകളിലെയും കോൺഗ്രസ് സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് ലീഗ് മത്സരിക്കും.ലോക് സഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുമുള്ളത്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം ജനം വിലയിരുത്തും.ലോക് സഭാ തിരഞ്ഞെടുപ്പു ഫലത്തിൽ നിന്ന് ഇടതുമുന്നണി പാഠം പഠിച്ചിട്ടില്ല.ശബരിമല അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയും ഇടതുമുന്നണിയും നിലപാട് മാറ്റുകയോ തിരുത്തുകയോ ചെയ്തിട്ടില്ല. ഒരു വികസന പ്രവർത്തനവും ചൂണ്ടിക്കാട്ടാൻ സർക്കാരിന് കഴിയുന്നില്ല.ട്രാൻസ്ഗ്രിഡ് ടെണ്ടർ അടക്കം നിരവധി അഴിമതികളാണ് പുറത്തുവന്നത്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടമായി.ലോക്കപ്പ് മരണങ്ങൾ ആവർത്തിക്കുന്നു.സർക്കാരിന്റെ പ്രതിച്ഛായ തകർന്നു.
വട്ടിയൂർക്കാവ് , കോന്നി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെച്ചൊല്ലിയുള്ള പ്രതിഷേധം അത്ര ഗൗരവമുള്ളതല്ലെന്ന് ചെന്നിത്തല പറഞ്ഞു.മുമ്പ് ശശി തരൂരും കെ.മുരളീധരനുമൊക്കെ സ്ഥാനാർത്ഥികളായപ്പോഴും ഇത്തരം പ്രതിഷേധങ്ങൾ ഉയർന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ 29 ന് തുടങ്ങുമെന്ന് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. 29ന് വൈകിട്ട് മൂന്നിന് അരൂരിലും അഞ്ചിന് എറണാകുളത്തുമാണ് കൺവെൻഷൻ. 30 ന് രാവിലെ 11 ന് കോന്നി, വൈകിട്ട് 4 ന് വട്ടിയൂർക്കാവ്,ഒക്ടോബർ ഒന്നിന് രാവിലെ 11 ന് മഞ്ചേശ്വരം എന്നിങ്ങനെയാവും മറ്ര് കൺവെൻഷനുകൾ. മണ്ഡലങ്ങളുടെ ചുമതല വിവിധ നേതാക്കൾക്ക് നൽകി.വട്ടിയൂർക്കാവ്(സി.പി.ജോൺ, ദേവരാജൻ),എറണാകുളം(ജോണിനെല്ലൂർ, മോൻസ് ജോസഫ്), അരൂർ(ഷിബുബേബിജോൺ), കോന്നി(ജോസഫ് എം.പുതുശ്ശേരി), മഞ്ചേശ്വരം(ജോൺജോൺ).