നിലമാമൂട് : വൈദ്യുതി ബോർഡിന്റെ അനാസ്ഥകാരണം 33 കെ.വി. വൈദ്യുതി ലൈനിലെ പോസ്റ്റിൽ വള്ളി പടർന്നുകയറിയത് ഭീഷണിയാകുന്നു. മഴക്കാലത്ത് വള്ളിപ്പടർപ്പിലൂടെ മഴവെള്ളം ഒഴുകുമ്പോൾ വൈദ്യുതിയും പ്രവഹിക്കുന്നതായി നാട്ടുകാർ പറയുന്നു. കുന്നത്തുകാൽ വൈദ്യുതി സെക്ഷനിലെ ചാവടിയിലെ ഒാഫീസിന്റെ നൂറുമീറ്റർ അകലെയും ചെഴുങ്ങാനൂർ ശ്രീമഹാദേവർ ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുമാണ് ലൈനിൽ വള്ളി പടർന്നുകയറിയ വൈദ്യുതി പോസ്റ്റ് ഉള്ളത്. ഇതിന്റെ സമീപത്ത് കൂടി ചിറ്റാറിൽ ചേരുന്ന വലിയ തോടും കടന്നുപോകുന്നുണ്ട്. മഴക്കാലത്ത് പോസ്റ്റിന്റെ ചുവടുവരെ വെള്ളം കയറും. പാറശാല ആലുംപാറയിലെ 110 കെ.വി. സ്റ്റേഷനിൽ നിന്നും ആനപ്പാറയിലെ കാരമൂട് സബ് സ്റ്റേഷനിലേക്ക് 33 കെ.വി. വൈദ്യുതി ലൈൻ കടന്നുപോകുന്ന പോസ്റ്റിലാണ് ഇൗ വള്ളിപ്പടർപ്പ്. ആലുംപാറ - മണിവിള - കുന്നത്തുകാൽ ചിത്തിരതിരുനാൾ സ്കൂൾ -ചിമ്മണ്ടി -ചാവടി - എള്ളുവിള - വേങ്കോട് - പഞ്ചാകുഴിയിലൂടെ 10 കിലോമീറ്ററിലധികം കടന്നാണ് ലൈൻ കാരമൂട് സബ് സ്റ്റേഷനിലെത്തുന്നത്. പൂർണമായും വയലുകളിലൂടെയും കൃഷിയിടങ്ങളിലൂടെയും പോകുന്ന ലൈനിൽ മിക്കസ്ഥലത്തും മരച്ചില്ലകളും വള്ളിപ്പടർപ്പുകളും തൂങ്ങികിടക്കുകയാണ്. എത്രയും പെട്ടെന്ന് വള്ളിപ്പടർപ്പുകൾ മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.