chain-theft

കാട്ടാക്കട: കാട്ടാക്കടയിലും പരിസരങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മോഷണങ്ങളിൽ ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും നഷ്ടമായി. പതിനഞ്ചിൽപ്പരം കടകളിലാണ് മോഷണം നടന്നത്. അടുത്തടുത്ത ദിവസങ്ങളിലായി മോഷണം നടന്നത് പൊലീസിനെയും കുഴപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ നാട്ടുകാരാണ് കട ഉടമകളെ മോഷണ വിവരം അറിയിച്ചത്.

കാട്ടാക്കട മാർക്കറ്റിന് സമീപവും കാട്ടാക്കട ചൂണ്ടുപലക മുതൽ പ്ലാവൂർ വരെയുള്ള പത്തോളം കടകളിലും മോഷണം നടന്നു. ഇവിടെ മലക്കറിക്കടയിൽ ഉൾപ്പടെയാണ് മോഷണം. പൂവച്ചൽ യു.പി.എസിന് സമീപം മുളമൂട് എന്നിവിടങ്ങളിൽ മുറുക്കാൻ കടകളിലും മോഷണം നടന്നു.

കാട്ടാക്കടയിൽ ഷാജഹാന്റെയും, അബ്‌ദുൾ റഹ്മാന്റെയും ആക്രികടകൾ, നൗഷാദിന്റെ മുറുക്കാൻ കട, റാഫിയുടെ ബിസ്മി കോഴിക്കട, അസീസിന്റെ റബർ കട, എന്നിവിടങ്ങളിൽ മോഷണവും സമീപത്തെ ജഹാൻഷയുടെ മലഞ്ചരക്ക് കടയിൽ മോഷണ ശ്രമവും നടന്നിട്ടുണ്ട്.

അതേ സമയം ഇന്നലെ പുലർച്ചെ മോഷണത്തിനിടെ പൂവച്ചൽ ഭാഗത്തു വച്ചു പൊലീസ് വാഹനം കണ്ടു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പിന്തുടർന്ന പൊലീസ് സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റു. പൊലീസും ഫോറൻസിക് സംഘവും കടകളിൽ പരിശോധന നടത്തി.

മോഷണ പരമ്പരയുടെ ചില സി.സി. ടിവി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. മുഖം മൂടി ധരിച്ചു വാഹനത്തിൽ എത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് പതിഞ്ഞിട്ടുള്ളത്. എല്ലാ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുന്നു. ഒരാൾ തന്നെയാണോ, ഒരേ സംഘത്തിൽപെട്ടവരാണോ കവർച്ച എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പൂവച്ചൽ വി.വി സ്റ്റോറിൽ വണ്ടി നിറുത്തി കട കുത്തി പൊളിച്ച സമയം പൊലീസ് എത്തുകയും ഇയാൾ രക്ഷപ്പെടുകയും പൊലീസ് പിന്തുടർന്നെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. ഇവിടെ നിന്നും മോഷണം നടത്താൻ ഉപയോഗിച്ചെന്ന് കരുതുന്ന കമ്പിപ്പാര പൊലീസിന് ലഭിച്ചു. കടയുടമകൾ തങ്ങളുടെ നഷ്ടം ചൂണ്ടിക്കാട്ടി കാട്ടാക്കട പൊലീസിന് പരാതി നൽകി.