തിരുവനന്തപുരം : ഇരുപത്തിനാലാം വയസിൽ പഞ്ചായത്തംഗം. മുപ്പത്തിനാലാം വയസിൽ മേയർ. കാലാവധി തികയ്ക്കാൻ ഒരു വർഷം ശേഷിക്കെ,നിയമസഭയിലേക്ക് കന്നിയങ്കം.
ചെറുപ്പത്തിന്റെ പ്രസരിപ്പും പക്വതയാർന്ന പ്രവർത്തനശൈലിയുമായി തലസ്ഥാന നഗരപിതാവിന്റെ കസേരയിൽ തിളങ്ങിയ വി.കെ.പ്രശാന്തിന് പാർട്ടിയുടെ പുതിയ നിയോഗം. വട്ടിയൂർക്കാവിൽ കന്നിയങ്കത്തിനിറങ്ങുന്ന പ്രശാന്തിന് ലക്ഷ്യം വിജയം മാത്രം . 'ജാതി,മത സമവാക്യങ്ങൾ മാറിമറിയും ഇക്കുറി മണ്ഡലം ഇടതുപക്ഷം തിരിച്ചു പിടിക്കും' - പ്രശാന്ത് പറയുന്നു.
സ്കൂൾ പഠനകാലത്തും തുമ്പ സെന്റ്സേവ്യേഴ്സ് കോളേജിലെത്തിയപ്പോഴും എസ്.എഫ്.ഐ കൊടിക്കീഴിലുള്ള പ്രവർത്തനശൈലി വിദ്യാർത്ഥികളുടെ പ്രിയങ്കരനാക്കി. കോളേജ് മാഗസിൻ എഡിറ്ററും, ചെയർമാനുമായി. ലാ അക്കാഡമിയിലെ പഠനത്തിനിടെ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായി. പഠനശേഷം അഭിഭാഷകനായി വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് .2005ൽ കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിൽ ആദ്യ തിരഞ്ഞെടുപ്പിൽ വിജയം. കോർപറേഷനോട് കൂടിച്ചേർത്ത കഴക്കൂട്ടം 2015ൽ ജനറൽ വാർഡായപ്പോൾ വീണ്ടും ജനവിധി തേടി. കോർപറേഷനിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം - 3272വോട്ട് . മേയർ സ്ഥാനവും അവിചാരിതമായി തേടിയെത്തി. എൽ.ഡി.എഫിന് കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ബി.ജെ.പി മുഖ്യപ്രതിപക്ഷം. എല്ലാ കക്ഷികളെയും പരിഗണിച്ചും വിവാദങ്ങളിൽ അകപ്പെടാതെയും കോർപറേഷനെ നയിച്ചു. കേരളത്തെ നടുക്കിയ രണ്ട് പ്രളയങ്ങളിലും ദുരിതബാധിതർക്കായി രാപ്പകലില്ലാതെ നടത്തിയ പ്രവർത്തനം കേരളമാകെ ശ്രദ്ധ നേടി. . മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ മഹാനഗരപാലിക അവാർഡ്, മാലിന്യസംസ്കരണത്തിനുള്ള സ്വച്ഛത എക്‌സലൻസ് അവാർഡ് തുടങ്ങിയവ ഭരണ നിപുണതയ്ക്കുള്ള കിരീടങ്ങളായി . നിലവിൽ സി.പി.എം കഴക്കൂട്ടം ഏര്യാ കമ്മിറ്റി അംഗം. 1981ൽ കഴക്കൂട്ടത്ത് എസ്.കൃഷ്ണന്റെയും ടി.വസന്തയുടെയും മകനായി ജനനം. ഭാര്യ എം.ആർ.രാജി, മക്കൾ : ആലിയ.ആർ.പി, ആര്യൻ.ആർ.പി .