1

തിരുവനന്തപുരം: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ ശാക്തീകരണത്തിൽ കേരളം എന്നും മുന്നിലാണെന്ന് പൂയം തിരുനാൾ ഗൗരി പാർവതി ഭായി പറഞ്ഞു. എന്നാൽ ലോകത്തിന്റെ മിക്ക ഭാഗത്തും ഈ സ്ത്രീകൾ ശബ്ദമില്ലാത്തവരായി മാറിയിരിക്കുകയാണെന്നും സ്ത്രീ ശാക്തീകരണത്തിൽ ഇനിയുമേറെ മുന്നേറാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സൗത്ത് പാർക്കിൽ ഫെഡറേഷൻ ഫോർ ഇന്റർനാഷണൽ വിമെൻസ് എംപവർമെന്റ് (എഫ്.ഐ.ഡബ്ല്യു.ഇ)​ എന്ന സംഘടനയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. തമിഴ്നാട് മുൻ എം.എൽ.എ ശങ്കരി നാരായണന്റെ അദ്ധ്യക്ഷതയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി മുഖ്യപ്രഭാഷണം നടത്തി. എഫ്.ഐ.ഡബ്ലിയു.ഇയുടെ വെബ്സൈറ്റ് മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് ഡയറക്ടർ റാണി മോഹൻദാസും മീരാ കൃഷ്ണയും ചേർന്ന് പുറത്തിറക്കി. മലേഷ്യയിലെ എം.ഐ.എം.ഐ പ്രസിഡന്റ് ഡോ.ടി.രമാ നായഗം സന്ദേശം നൽകി. ചെന്നൈയിൽ നിന്നുള്ള സത്യ പളനി കുമാർ,​ മുംബയിൽ നിന്നുള്ള റോഷ്‌നി ഷാ,​ പ്രദീപ് മധു എന്നിവരെ ആദരിച്ചു. എഫ്.ഐ.ഡബ്ലിയു.ഇ ചെയർപേഴ്സൺ കുമാരി എസ്.നായർ സ്വാഗതവും സെക്രട്ടറി ഗിരിജാകുമാരി നന്ദിയും പറഞ്ഞു. മിസ് സൂപ്പർഗ്ളോബ് മത്സരത്തിലെ മിസ് റണ്ണറപ്പ് അർച്ചന രവി,​ മോഹിനിയാട്ടം നർത്തകി ലക്ഷ്‌മി സുന്ദരേശൻ എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.