പാറശാല: പ്ലാമൂട്ടുക്കടയ്ക്ക് സമീപം കാന്തള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്താനുള്ള പഞ്ചലോഹ തിരുമുഖം കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കൾ കവർന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിലെ രണ്ട് വാതിലുകളിലും ഉണ്ടായിരുന്ന പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് തിരുമുഖവും കാണിക്കവഞ്ചിയും കവർന്നത്. സ്‌ട്രോംഗ് റൂമോ മറ്റോ ഇല്ലാത്തത് കാരണം വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തിരുമുഖവും കാണിക്കവഞ്ചിയും ശ്രീകോവിലിനുള്ളിൽ തന്നെ സൂക്ഷിച്ചു വരികയാണ് പതിവ്. ദേവസ്വം ബോർഡ് വകയായ ഈ ക്ഷേത്രത്തിൽ ജീവനക്കാരനായി ഒരു ശാന്തിക്കാരൻ മാത്രമാണുള്ളത്. രാവിലെ ശാന്തിക്കാരൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിന് സമീപത്തെ രണ്ട് വീടുകളിലും മോഷണം നടന്നു. എന്നാൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചി സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെടുത്തു. മോഷണ വിവരം ദേവസ്വം അധികൃതരെ അറിയിച്ചതിനെ തുടർന്ന് എത്തിയ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ നെയ്യാറ്റിൻകര കൃഷ്ണൻ പൊഴിയൂർ പൊലീസിന് പരാതി നൽകിയതനുസരിച്ച് വിരലടയാള വിദഗ്ദ്ധർ, ശാസ്ത്രീയ വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലത്തെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഒരാഴ്ച മുൻപ് അമരവിള ദേവേശ്വരം ക്ഷേത്രത്തിലെ ശ്രീകോവിലിലും മോഷണം നടന്നിരുന്നു.