കഴക്കൂട്ടം: ഐ.ടി നഗരമായ കഴക്കൂട്ടത്ത് ബസ് ഡിപ്പോയോ ഓപ്പറേറ്റിംഗ് സെന്ററോ ഇല്ലാത്തത് യാത്രക്കാരെ വലയ്‌ക്കുന്നു. ഈ ആവശ്യം അധികൃതരെ പലതവണ അറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് പരാതി. ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി കെ.എസ്.ആർ.ടി.സി ബസുകളാണ് ഇതുവഴി പോകുന്നത്. ടെക്‌നോപാർക്കിലെ നിരവധി ജീവനക്കാർ കെ.എസ്.ആർടി.സി ബസുകളെ ആശ്രയിക്കുന്നുണ്ട്. വിദേശികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കഴക്കൂട്ടത്ത് എത്തിയാൽ ബസ് എവിടെ നിറുത്തുമെന്നറിയാതെ വട്ടം ചുറ്റിപ്പോകും. സമീപത്തെ കച്ചവടക്കാരോടും നാട്ടുകാരോടും ചോദിച്ചറിഞ്ഞാണ് ഇവർ ബസ് സ്റ്റോപ്പിലെത്തുന്നത്. കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി ടെക്നോപാർക്കിനോട് ചേർന്ന് കഴിഞ്ഞ സർക്കാർ ആരംഭിക്കാനിരുന്ന ഹൈടെക് ബസ്ടെർമിനൽ പദ്ധതി എങ്ങുമെത്തിയില്ല. 2016ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബസ് ടെർമിനലിന് തറക്കല്ലിട്ടു. എന്നാൽ പദ്ധതി പിന്നീട് അനിശ്ചിതത്വത്തിലായി. ടെക്നോപാർക്കിന്റെ കൈവശമുള്ള ഉപയോഗ ശൂന്യമായി കിടക്കുന്ന 1.83 ഏക്കർ സ്ഥലം ബസ് ബേയ്‌ക്കായി തിരുവനന്തപുരം വികസന അതോറിട്ടിക്ക് (ട്രിഡ) വിട്ടുകൊടുക്കാൻ 2014ൽ വ്യവസായവകുപ്പ് ഉത്തരവിറക്കിയെങ്കിലും പ്രവർത്തനങ്ങൾ ഒന്നും മുന്നോട്ടുപോയില്ല.
ബസ് ടെർമിനലിന് തറക്കല്ലിട്ടത് - 2016ൽ
പദ്ധതിക്കായി ഏറ്റെടുത്തത് - 1.83 ഏക്കർ
ദുരിതത്തിലായി യാത്രക്കാർ
----------------------------------------------
ബസുകളുടെ സമയം അറിയാൻ കഴിയുന്നില്ല
സ്റ്റോപ്പുകളെക്കുറിച്ച് കൃത്യമായ വിവരമില്ല
ബസ് സ്റ്റോപ്പുകളിൽ സ്ഥലപരിമിതിയുണ്ട്
പ്രതിദിനമെത്തുന്നത് നിരവധി യാത്രക്കാർ
കഴക്കൂട്ടത്ത് ബസ് ടെർമിനൽ സ്ഥാപിക്കാൻ മന്ത്രിയും മേയറും ഇടപെടണം
കരിയിൽ എസ്.ആർ. ശിവപ്രസാദ്,
സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം
കരിയിൽശാഖ