
തിരുവനന്തപുരം: അരൂർ ഒഴികെയുള്ള നാല് മണ്ഡലങ്ങളിലെയും ബി. ജെ. പി സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പാനൽ ഡൽഹിക്ക് കൈമാറിയെങ്കിലും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വം പരിഹരിക്കാൻ പാർട്ടി ഭാരവാഹിയോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കും.
അതിനിടെ, മഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവായ സുബ്ബയ്യറായിയെ മത്സരിപ്പിക്കാൻ ബി.ജെ.പി ശക്തമായി ശ്രമിക്കുന്നുണ്ട്. മുൻ എം.പി
ഐ. രാമറായിയുടെ മകനായ സുബ്ബയ്യറായിയുടെ പേര് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് കോൺഗ്രസിൽ പ്രചരിച്ചെങ്കിലും അവസാനനിമിഷം രാജ്മോഹൻ ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു. അതിൽ സുബ്ബയ്യറായിക്ക് നീരസമുണ്ടായിരുന്നു. അദ്ദേഹത്തെ ബി.ജെ.പി പാളയത്തിലെത്തിക്കാനുള്ള ചരടുവലികൾ സജീവമാണ്. സുബ്ബയ്യറായിക്ക് പുറമേ സതീശ് ഭണ്ഡാരി, രവീശ തന്ത്രി, ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് എന്നിവരുടെ പേരുകളാണുള്ളത്. ഭണ്ഡാരിക്ക് സാദ്ധ്യത കൂടുതൽ.
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരന് തന്നെ നറുക്ക് വീഴുമെന്നാണ് അവസാനനിമിഷത്തെ സൂചനകൾ. അദ്ദേഹം വിമുഖത പറഞ്ഞെങ്കിലും പാർട്ടി പറഞ്ഞാൽ അംഗീകരിക്കുമെന്ന നിലപാടിലാണ്. ആർ.എസ്.എസ് പറഞ്ഞാൽ കുമ്മനം തന്നെയാവും. അല്ലെങ്കിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം വി.വി. രാജേഷ് എന്നിവരുടെ പേരുകളുണ്ട്. കോന്നിയിൽ ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി ശോഭ സുരേന്ദ്രൻ തന്നെ വന്നേക്കും. കെ. സുരേന്ദ്രൻ പിന്മാറിയതിനാൽ അദ്ദേഹത്തെ ഒഴിവാക്കിയുള്ള പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയത്. എറണാകുളത്ത് സി.ജി. രാജഗോപാൽ, പത്മജ സി. മേനോൻ, ബൈജു എന്നീ പേരുകളാണ് പരിഗണനയിൽ.