kifbi

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിഫ്ബിയുടെ പേര് പറഞ്ഞ് വെറുതേ അലമ്പുണ്ടാക്കുകയാണെന്നും വികസനം തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ആരോപിച്ചു. ആരോ എഴുതിക്കൊടുക്കുന്ന വിവരങ്ങൾ വിളമ്പി ആരുടെയോ കരുവാകുകയാണ് ചെന്നിത്തല. മസാലാ ബോണ്ടുൾപ്പെടെ കിഫ്ബിയുടെ എല്ലാ വരവ് ചെലവുകളും സി.ഐ.ജിക്ക് പരിശോധിക്കാം. ഇക്കാര്യം വ്യക്തമാക്കി കത്തു നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബിയുടെ കണക്കുകളിൽ ഏതുതരത്തിലുള്ള ആഡിറ്റിംഗിനും സർക്കാർ തയ്യാറാണ്. സി.എ.ജി ആക്ട് 14(1) പ്രകാരം കിഫ്ബി സി.എ.ജിയുടെ ആഡിറ്റിന് വിധേയമായ സ്ഥാപനമാണ്. 2018ലും 2019ലും കിഫ്ബിയുടെ കണക്കുകൾ ആഡിറ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ, കിഫ്ബിയിലെ ഫണ്ട് വിനിയോഗം ആഡിറ്റ് ചെയ്യാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സി.എ.ജി സർക്കാരിന് കത്ത് നൽകിയത് സംബന്ധിച്ച് വ്യക്തത വരുത്താൻ മന്ത്രി തയ്യാറായില്ല. എന്തുകൊണ്ടാണ് നിരന്തരം കത്തെഴുതുന്നതെന്ന് അവരോട് ചോദിക്കണമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടി.

കണക്കുകൾ സംബന്ധിച്ച പരിശോധനാ റിപ്പോർട്ടുകൾ നിയമസഭയിൽ വയ്‌ക്കേണ്ടതും നിയമസഭയുടെ പരിശോധനയ്ക്ക് വിധേയവുമാണ്. കിഫ്ബി ഇൻസ്‌പെക്‌ഷൻ അതോറിട്ടി ഇതിനോടകം 417 പരിശോധനകൾ നടത്തിയിട്ടുണ്ട്. 121 ഒബ്സർവേഷൻ റിപ്പോർട്ടുകളും 275 ഒബ്സർവേഷൻ മെമ്മോകളും നൽകി. 12 പദ്ധതികൾക്ക് പരിശോധനയ്ക്കുശേഷം സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുമുണ്ട്.

കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ഉന്നയിക്കുന്നത് ബാലിശമാണ്. ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് അടങ്കൽ നിർണയത്തിന് ഡെൽഹി ഷെഡ്യൂൾ ഒഫ് റേറ്റ്സ് (ഡി.എസ്.ആർ) അടിസ്ഥാനമാക്കിയത്. 2013 മുതൽ ഈ നിരക്കാണ് തുടരുന്നത്. ഡി.എസ്.ആറിലാണ് വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ അടങ്കൽ തയ്യാറാക്കിയത്. 2016ലെ നിയമഭേദഗതിയിലൂടെ സി.എ.ജി ആഡിറ്റിനുള്ള 99ലെ നിയമത്തിൽ ഉണ്ടായിരുന്ന വ്യവസ്ഥ എടുത്തുകളഞ്ഞുവെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. കിഫ്ബിയിലേത് കരാർ നിയമനമാണെന്നും നല്ല ഉദ്യോഗസ്ഥരെ ആകർഷിക്കാൻ നല്ല ശമ്പളം കൊടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ടെൻഡർ അധികരിക്കൽ

ടെൻഡർ തുകയെക്കാൾ കൂട്ടി പ്രവൃത്തികൾ കരാറാക്കുന്നത് യു.ഡി.എഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ട്. 2013, 2014, 2015 വർഷങ്ങളിൽ ഏറ്റെടുത്ത 24 പ്രവൃത്തികളിൽ അടങ്കൽ തുകയെക്കാൾ ശരാശരി 51 ശതമാനം അധികരിച്ചാണ് പ്രവൃത്തികൾ കരാറാക്കിയത്. ചില പ്രവൃത്തികൾക്ക് 80ഉം, 90ഉം ശതമാനം അധികരിക്കൽ അനുവദിച്ചു. ഇത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് അന്വേഷിക്കണം. എന്നിട്ടാകണം 2018ലും 2019ലും ടെൻഡർ ചെയ്ത ട്രാൻസ്ഗ്രിഡ് പാക്കേജുകളെ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.