തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മഞ്ചേശ്വരം ഒഴികെ നാലിടത്തും യുവാക്കളെ സ്ഥാനാർത്ഥികളായി പരിഗണിച്ച് സി.പി.എം.
ഇന്നലെ വിവിധ ജില്ലാ സെക്രട്ടേറിയറ്റുകളിലുണ്ടായ ധാരണ പ്രകാരം വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം മണ്ഡലങ്ങളിലെ സി.പി.എം സ്ഥാനാർത്ഥികൾ യുവാക്കളും പുതുമുഖങ്ങളുമാണ് സ്ഥാനാർത്ഥികളെ നാളെ (വെള്ളി) പ്രഖ്യാപിക്കും. ജയസാദ്ധ്യതയും സ്വീകാര്യതയും മാത്രം മാനദണ്ഡമാക്കിയും മറ്റ് പതിവ് പരിഗണനകളെല്ലാം മാറ്റി വച്ചുമാണ് സി.പി.എമ്മിന്റെ പരീക്ഷണം.
വട്ടിയൂർക്കാവിൽ തലസ്ഥാന മേയർ കൂടിയായ അഡ്വ.വി.കെ. പ്രശാന്ത്, കോന്നിയിൽ ഡി.വൈ.എഫ്.ഐ നേതാവ് കെ.യു. ജനീഷ് കുമാർ, അരൂരിൽ ഡി.വൈ.എഫ്.ഐ നേതാവ് മനു സി. പുളിക്കൻ, എറണാകുളത്ത് മുതിർന്ന പത്രപ്രവർത്തകൻ കെ.എം.റോയിയുടെ മകനും അഭിഭാഷകനുമായ മനു റോയ് എന്നിവരാണ് സ്ഥാനാർത്ഥികളായെത്തുന്നത്. മഞ്ചേശ്വരത്ത് മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവിനെയും കന്നഡ പ്രാതിനിദ്ധ്യം കണക്കിലെടുത്ത് ശങ്കർ റായിയെയും പരിഗണിക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.ആർ. ജയാനന്ദയുടെ പേരും ആദ്യം പരിഗണിച്ചിരുന്നു. ലീഗിലെ തർക്കവും മറ്റും സൃഷ്ടിച്ച പുതിയ കാലാവസ്ഥയിൽ ഇന്ന് വീണ്ടും ചേരുന്ന കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും.
കഴിഞ്ഞ പ്രളയകാലത്തെ ദുരിതാശ്വാസപ്രവർത്തനത്തിലടക്കം കാട്ടിയ മികവ് മേയർ പ്രശാന്തിന് നേടിക്കൊടുത്ത ജനകീയത സി.പി.എം മുഖവിലയ്ക്കെടുത്തു. കോന്നിയിൽ യുവനേതാവ് ജനീഷ് കുമാറിനും നല്ല സ്വീകാര്യതയുണ്ടെന്നാണ് വിലയിരുത്തൽ. അരൂരിൽ സി.ബി. ചന്ദ്രബാബുവിന്റെയും മത്സ്യത്തൊഴിലാളി നേതാവ് പി.പി. ചിത്തരഞ്ജന്റെയും പേരുകളും ഉയർന്നെങ്കിലും അവസാനനിമിഷം യുവ നേതാവ് മനു സി. പുളിക്കനെ നിശ്ചയിക്കുകയായിരുന്നു.