വിജയനഗരം : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ബോർഡ് പ്രസിഡന്റ്സ് ഇലവനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ത്രിദിന പരിശീലന മത്സരത്തിന് ഇന്ന് തുടക്കമാകും.
ടെസ്റ്റ് ടീമിൽ ഒാപ്പണറായി പരീക്ഷിക്കപ്പെടാൻ ഒരുങ്ങിയിരിക്കുന്ന രോഹിത് ശർമ്മയാണ് ബോർഡ് പ്രസിഡന്റ്സ് ഇലവനെ നയിച്ചിറങ്ങുന്നത്. മദ്ധ്യനിരയിൽ അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും നിലയിറപ്പിച്ചതോടെയാണ് രോഹിതിന് ടെസ്റ്റിൽ ഒാപ്പണറുടെ റോൾ കെട്ടേണ്ടിവരുന്നത്. ഏകദിനത്തിലും ട്വന്റി 20യിലും ദീർഘനാളായി ഇന്നിംഗ്സ് ഒാപ്പൺ ചെയ്യുന്ന രോഹിത് ടെസ്റ്റിൽ മദ്ധ്യനിരയിലാണ് മുമ്പ് ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ചെറുഫോർമാറ്റുകളിലേതുപോലെ വിജയമാകാൻ ടെസ്റ്റിൽ രോഹിതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയാണ് പുതിയ സ്ഥാനത്തേക്ക് പരീക്ഷിക്കുന്നത്.
ടെസ്റ്റ് പരമ്പരയിൽ രോഹിതിനൊപ്പം ഇന്നിംഗ്സ് ഒാപ്പൺ ചെയ്യേണ്ടമായാങ്ക് അഗർവാളും ബോർഡ് പ്രസിഡന്റ്സ് ഇലവനിലുണ്ട്. ഒാപ്പണിംഗ് ജോടിയുടെ കൂടി പരീക്ഷണമാകും പരിശീലനത്തിൽ നടക്കുക. പരിക്കേറ്റ ജസ്‌പ്രീത് ബുംറയ്ക്ക് പകരം ടെസ്റ്റ് ടീമിലെത്തിയ ഉമേഷ് യാദവാണ് ബോർഡ് പ്രസിഡന്റ്സ് ഇലവനിലെ മറ്റൊരു പ്രമുഖൻ. ഇന്ത്യ എ ടീമിനായി മികച്ച പ്രകടനം നടത്തിയ കേരള രഞ്ജിതാരം ജലജ് സക്‌സേന, മറുനാടൻ മലയാളി താരം കരുൺനായർ എന്നിവരും ബോർഡ് പ്രസിഡന്റ്സ് ഇലവനിലുണ്ട്.
ടെസ്റ്റിനായി എത്തിയ സ്ഥിരം നായകൻ ഫാഫ് ഡുപ്ളെസിയാണ് ദക്ഷിണാഫ്രിക്കയെ നയിച്ചിറങ്ങുന്നത്. ടെംപ ബൗമയാണ് വൈസ് ക്യാപ്ടൻ. ഡീകോക്ക്, എൽഗാർ, റബാദ, ലുംഗി എൻ. ഗിഡി തുടങ്ങിയവർ ദക്ഷിണാഫ്രിക്കൻ ടീമിലുണ്ട്.
ടീമുകൾ ഇവരിൽനിന്ന്
ബോർഡ് പ്രസി. ഇലവൻ
രോഹിത് ശർമ്മ, മായാങ്ക് അഗർവാൾ, പ്രിയങ്ക് പഞ്ചൽ, എ.ആർ. ഇൗശ്വരൻ, കരുൺ നായർ, സിദ്ദേഷ് ലാഡ്, കെ.എസ്. ഭരത്, ജലജ് സക്‌സേന, ധർമ്മേന്ദ്രസിംഗ് ജഡേജ, ആവേഷ് ഖാൻ, ഇഷാൻ പൊരേൽ, ഷാർദ്ദുൽ താക്കൂർ, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക: ഫാഫ് ഡുപ്ളെസി (ക്യാപ്ടൻ), ടെംപ ബൗമ, തെയുനിസ് ഡി ബ്രുയാൻ, ക്വിന്റൺ ഡി കോക്ക്, ഡീൻ എൽഗാർ, സുബെയ്ർ ഹംസ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, സെനുരാൻ മുത്തുസ്വാമി, ലുംഗി എൻ ഗിഡി, അൻറിച്ച് നോർജേ, ഫിലാൻഡർ, ഡേൻ പീറ്റ്, കാഗിസോ റബദ, റുദി സെക്കൻഡ്.