തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം വൈകും. ട്രാൻസ്‌പോർട്ട് കമ്മിഷണർ സമർപ്പിച്ച കരട് നിർദ്ദേശങ്ങളിൽ നിയമോപദേശം വൈകുന്നതാണ് കാരണം. ഫയൽ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഇന്നലെ സർക്കാരിന് നൽകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രഭേഗതിയിൽ സംസ്ഥാനത്തിന് പിഴ നിശ്ചയിക്കാൻ അധികാരമുള്ള ഏഴു നിയമലംഘനങ്ങൾക്ക് പുറമെ പരാതി ഉയർന്ന മറ്റിനങ്ങളിൽ കൂടി നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ കരട് നിർദ്ദേശം നൽകിയത്. ഇതിന്റെ നിയമസാധുതയാണ് പരിശോധിക്കുന്നത്.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി എ.കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ യോഗം ചേർന്നു. പിഴ കുറച്ചുകൊണ്ട് സംസ്ഥാന സർക്കാർ തീരുമാനം എടുത്താലും അത് കോടതിയിൽ ചോദ്യം ചെയ്യാനിടയുണ്ട്. ഇതുകൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാവുകയുള്ളൂ.