ന്യൂഡൽഹി : കോമൺവെൽത്ത് ഗെയിംസിന് പ്രാധാന്യമൊന്നുമില്ലെന്നും 2022 ലെ ബർമിംഗ് ഹാം ഗെയിംസിൽ നിന്ന് ഇന്ത്യ പിമാറിയതുകൊണ്ട് ഒന്നും സംഭവിക്കുകയില്ലെന്നുമുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഹരിന്ദർ ബത്രയുടെ അഭിപ്രായപ്രകടനം വിവാദമാകുന്നു. കഴിഞ്ഞദിവസം ബംഗളുരുവിൽ നടന്ന ഒരു ചടങ്ങിലാണ് ബത്ര ഇൗ അഭിപ്രായം പ്രകടിപ്പിച്ചത്. ഇതിനെതിരെ പ്രമുഖ കായിക താരങ്ങൾ രംഗത്തുവന്നു.
ബർമ്മിംഗ്ഹാം ഗെയിംസിൽ നിന്ന് ഇന്ത്യയുടെ പ്രധാന മെഡൽ ഇനമായ ഷൂട്ടിംഗ് ഒഴിവാക്കിയതിനെതുടർന്ന് ഇന്ത്യ ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു.ഇതിനെ സാധൂകരിക്കാനാണ് ബത്ര കോമൺവെൽത്ത് ഗെയിംസിന് പ്രാധാന്യമില്ലെന്ന് പറഞ്ഞത്. എന്നാൽ ഗെയിംസിൽ ഷൂട്ടിംഗ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കേന്ദ്ര കായികമന്ത്രിയുമായിരുന്നു ഗെയിംസ് സംഘാടകരുമായും നടക്കാനിരിക്കുകയാണ്.
'ഹൃദയഭേദകരമായ അഭിപ്രായമാണിത്. ഇങ്ങനെയാണെങ്കിൽ പല രാജ്യങ്ങളിലും നടക്കും ഇൻവിറ്റേഷണൽ ടൂർണമെന്റുകളിൽ പങ്കെടുക്കേണ്ട കാര്യമില്ലല്ലോ? ഒളിമ്പിക്സും ലോക ചാമ്പ്യൻഷിപ്പുമല്ലാതെ മറ്റൊരു ഗെയിംസും ലോകത്തിലില്ലേ?
വിജേന്ദർ കുമാർ
ബോക്സിംഗ് താരം
ഒട്ടും സ്വീകാര്യമല്ലാത്ത നിലപാടാണ് ബത്രയുടേത്.
ജി. സത്യൻ
ടേബിൾ ടെന്നിസ് താരം
കോമൺ വെൽത്ത് ഗെയിംസ് ബഹിഷ്കരിക്കാനുള്ള തീരുമാനം അപഹാസ്യമാണ്. അത്ര നിലവാരമില്ലെങ്കിൽ പിന്നെന്തുകൊണ്ട് എല്ലാ മെഡലും ഇന്ത്യയ്ക്ക് നേടാൻ കഴിയുന്നില്ല.
പി. കാശ്യപ്
ബാഡ്മിന്റൺ താരം
അത്ലറ്റിക്സിൽ ഏഷ്യൻ ഗെയിംസിനെക്കാൾ നിലവാരം കോമൺവെൽത്ത് ഗെയിംസിനാണ്.
കൃഷ്ണപുനിയ
അത്‌ലറ്റ്