kovalam

കോവളം: ബൈപാസ് റോഡിലെ ഡിവൈഡറിൽ വെയിൽ കായാൻ കിടന്ന ഉത്തരേന്ത്യൻ വനിത പൊലീസിനെയും ആംബുലൻസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി. യാഥാർത്ഥ്യം മനസിലായതോടെ ആശങ്ക കൗതുകമായി. പിന്നീട് സംഗതി വശപ്പിശകാണെന്ന് തിരിച്ചറിഞ്ഞതോടെ വനിതയെ പൊലീസ് കോടതിയിലെത്തിച്ചു. ഇന്നലെ രാവിലെയോടെ പാച്ചല്ലൂർ ചുടുകാട് മുടിപ്പുരയ്ക്ക് മുന്നിലെ ബൈപാസ് ഡിവൈഡറിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന ഉത്തരേന്ത്യൻ വനിത പെട്ടെന്ന് റോഡിന്റെ ഡിവൈഡറിൽ കിടന്നു. കണ്ടുനിന്ന നാട്ടുകാർ ഓടിക്കൂടി. കടുത്ത ചൂടിൽ തലചുറ്റി വീണതാണെന്ന് കരുതിയ നാട്ടുകാരിലൊരാൾ 108 ആംബുലൻസിനെയും ഒപ്പം തിരുവല്ലം പൊലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. പൊലീസ് വിവരമറിയിച്ചതനുസരിച്ച് പട്രോളിംഗിലുണ്ടായിരുന്ന പിങ്ക് പൊലീസും 108 ആംബുലൻസും സ്ഥലത്തെത്തി. യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും വെയിൽകായാൻ കിടന്നതാണെന്നും വെളിപ്പെടുത്തിയത്. ഇത്കേട്ട് ആശ്ചര്യപ്പെട്ട നാട്ടുകാരെയും ആംബുലൻസ് ജീവനക്കാരെയും യുവതി കണക്കിന് ശകാരിച്ചതോടെ എല്ലാവരും മടങ്ങി. യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതോടെ പിങ്ക് പൊലീസ് ഇവരെ തിരുവല്ലം സ്റ്റേഷനിലും തുടർന്ന് സി.ജെ.എം കോടതിയിലും ഹാജരാക്കി. കോടതി നിർദ്ദേശത്തെ തുടർന്ന് പിന്നീട് ഇവരെ ഷെൽറ്റർ ഹോമിലേക്ക് മാറ്റിയതായി തിരുവല്ലം പൊലീസ് പറഞ്ഞു.