തിരുവനന്തപുരം: നഗരസഭാ ഭരണം അവസാനിക്കാൻ കേവലം ഒരു വർഷം ശേഷിക്കെ നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത്. സാമുദായിക ഘടകങ്ങളൊന്നും വട്ടിയൂർക്കാവിൽ ഏശില്ലെന്ന് വിശ്വസിക്കുന്ന പ്രശാന്ത് വട്ടിയൂർക്കാവിന്റെ വികസനമായിരിക്കും മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമെന്നും പറയുന്നു. മണ്ഡലത്തിലെ പ്രതീക്ഷകൾ പങ്കുവച്ച് വട്ടിയൂർക്കാവിലെ സി.പി.എം സ്ഥാനാർത്ഥിയും തിരുവനന്തപുരം കോർപറേഷൻ മേയറുമായ വി.കെ.പ്രശാന്ത്.
വട്ടിയൂർക്കാവിൽ വികസനമില്ല
തിരുവനന്തപുരം നഗരത്തിൽ ജാതിമത രാഷ്ട്രീയ ഭേദമന്യേയാണ് ഞാൻ ഇടപെടലുകൾ നടത്തിയിട്ടുളളത്. അത് വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. വേണ്ടത്ര വികസനം വന്നിട്ടില്ലാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. നഗരസഭ വാർഡുകളിലൂടെ നടത്തിയ വികസനം മാത്രമാണ് വട്ടിയൂർക്കാവിൽ പ്രധാനമായും ഉളളത്. വട്ടിയൂർക്കാവ് ജംഗ്ഷന്റേയും റോഡുകളുടേയും അവസ്ഥ പരമ ദയനീയമാണ്. അതിന് മാറ്റം വരുത്താനുള്ള ഇടപെടലുകൾ നടത്തും. പേരൂർക്കട ജംഗ്ഷൻ വികസനത്തിന് സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് നീങ്ങും. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണം ഒന്നര വർഷം ശേഷിക്കുന്നതിനാൽ അത് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കും.
ശബരിമല ചർച്ചയാകില്ല
വട്ടിയൂർക്കാവിലെ മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം വികസനം തന്നെയായിരിക്കും. ശബരിമല വിഷയം പൊതുജനം വിസ്മരിച്ച കാര്യമാണ്. പാർട്ടി നിലപാടിൽ മാറ്റം വരുത്തിയത് ജനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. അതിനാൽ, ശബരിമല ഈ തിരഞ്ഞെടുപ്പിൽ പ്രസക്തമല്ല. പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, പാർട്ടി നിലപാട് വ്യക്തമാണ്. ഒരു കാരണവശാലും എൽ.ഡി.എഫ് ശബരിമല പ്രചാരണ വിഷയമാക്കില്ല.
ആശങ്ക ഒട്ടുമില്ല
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം മുഴുവനായി ഉണ്ടായിരുന്ന ബി.ജെ.പി വിരുദ്ധ തരംഗമാണ് യു.ഡി.എഫിന് ഗുണം ചെയ്തത്. രാഹുൽഗാന്ധി കൂടി കേരളത്തിൽ മത്സരിക്കുന്ന സാഹചര്യമുണ്ടായപ്പോൾ വോട്ടുകളെല്ലാം കോൺഗ്രസിന് പോയി. എന്നാൽ, കാശ്മീർ വിഭജനം അടക്കമുളള വിഷയങ്ങളിൽ കോൺഗ്രസ് എം.പിമാർക്ക് പാർലമെന്റിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. അംഗബലത്തിൽ കുറവാണെങ്കിൽ പോലും മികച്ച ഇടപെടലാണ് സി.പി.എം എം.പിമാർ നടത്തുന്നത്. വട്ടിയൂർക്കാവിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള വോട്ടർമാർ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ വോട്ടുകളൊന്നും പാഴാകില്ല. മണ്ഡലത്തിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ടെന്നുള്ളതും ആശങ്ക സൃഷ്ടിക്കുന്നില്ല.നിലവിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ പാർട്ടിയിലുളള ഒരാൾ ജയിച്ചുവരുന്നത് ഗുണകരമാവുമെന്ന് വട്ടിയൂർക്കാവിലെ ജനങ്ങൾ ചിന്തിക്കും.
സത്യസന്ധമായ ഇടപെടൽ
പ്രളയസമയത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് നേരെ നടത്തുന്നത് എല്ലാം അപവാദ പ്രചാരണങ്ങളാണ്. സത്യത്തിൽ ഈ വർഷത്തെക്കാൾ കഴിഞ്ഞ പ്രളയത്തിലാണ് നഗരസഭ മികച്ച ഇടപെടൽ നടത്തിയത്. കേരളത്തിൽ ആദ്യമായി പ്രളയം വന്നപ്പോൾ 450 പേരടങ്ങുന്ന സംഘവുമായി തിരുവനന്തപുരം നഗരസഭയാണ് റാന്നി, ചെങ്ങന്നൂർ, ആറന്മുള അടക്കമുളള പ്രദേശങ്ങളിലേക്ക് ആദ്യമെത്തി സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. അതിനുശേഷമാണ് രാഷ്ട്രീയ പാർട്ടികൾ ശുചീകരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്. അതിനാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല ഈ ഇടപെടലുകൾ നടത്തിയത്.
ജാതിമത ഫോർമുലകൾ തെറ്റും
സാമുദായിക ഘടകങ്ങളൊന്നുംതന്നെ ഇത്തവണ വട്ടിയൂർക്കാവിൽ ഏശില്ല. പൊതുവെ നായർ സ്വാധീനമുളള ഒരു മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ, യുവതലമുറ ജാതിയും മതവുമൊന്നും ചിന്തിച്ചല്ല വോട്ട് ചെയ്യുന്നത്. അക്കാര്യത്തിൽ എനിക്ക് വളരെ പോസിറ്റീവ് സമീപനമാണുള്ളത്. സാമുദായിക ഘടകങ്ങളെ കാറ്റിൽപറത്തി ജാതിമത ഭേദമന്യേ ഇത്തവണ വോട്ട് എൽ.ഡി.എഫിലേക്ക് വരും.