ആലപ്പുഴ: മയക്കുമരുന്ന് സംഘത്തെ പിടിക്കാനെത്തിയ എക്സൈസ് സ്പെഷ്യൽ സ്വകാഡ് കുട്ടികളുടെ പാർക്കിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെടുത്തു. ഇന്നലെ വൈകിട്ട് 6.30 ഓടെ തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കിലായിരുന്നു സംഭവം. പ്രദേശത്ത് പകൽ സമയത്തും കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ആലപ്പുഴ എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ പാർക്കിന് സമീപത്തുകൂടി ഒഴുകുന്ന സ്പിൽവേ ചാനലിന് സമീപത്തെ കാറ്റാടിമരത്തിനിടയിൽ രണ്ടുപേർ മദ്യപിക്കുന്നതായി ശ്രദ്ധയിപ്പെട്ടു.
ഇവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കഴിച്ചുകൊണ്ടിരുന്ന ബിയർ കുപ്പികൾ പാർക്കിന് സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഇവർ ഓടി രക്ഷപ്പെട്ടു. കുപ്പികളിലുള്ളത് എന്തെന്ന് കണ്ടെടുക്കാൻ കുറ്റിക്കാട് പരിശോധിക്കുന്നതിനിടെയാണ് 54 സെന്റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടി കാടിനുള്ളിൽ വളർന്നുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവരിത് പിഴുതെടുത്ത് ആലപ്പുഴ എക്സൈസ് ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ മറ്റ് പ്രദേശങ്ങളിൽ നിന്ന് കഞ്ചാവ് ഇവിടെ എത്തിക്കുന്നത് പതിവാണ്. പ്രദേശത്തെ ചില യുവാക്കൾ പാർക്കിലെത്തുന്നവർക്ക് ചെറിയ പൊതികളിൽ കഞ്ചാവ് വിൽക്കുന്നുണ്ട്. ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച കഞ്ചാവ് അരി വീണ് കിളിർത്തതാണെന്നാണ് നിഗമനം. മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 1.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാർക്ക് സി.പി.എം - കോൺഗ്രസ് തർക്കത്തെ തുടർന്ന് ഉദ്ഘാടനം ചെയ്യാതെ അനാഥമായി കിടക്കുകയാണ്. കുറ്റിക്കാടുകളിൽ അണലി ശല്യവും രൂക്ഷമാണ്.