തിരുവനന്തപുരം: മഞ്ചേശ്വരത്ത് പാർട്ടി ജില്ലാ കമ്മിറ്റിയംഗവും യക്ഷഗാന കലാകാരനുമായ എം. ശങ്കർ റൈയെ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനം. ഇതുൾപ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ സി.പി.എം പ്രഖ്യാപിച്ചു. അഞ്ചും പുതുമുഖങ്ങളാണ്. ഇതിൽ നാല് പേരും യുവാക്കളും.
എറണാകുളം- അഡ്വ. മനുറോയ് (സ്വതന്ത്രൻ), അരൂർ- ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മനു സി. പുളിക്കൽ, കോന്നി- ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു. ജനീഷ് കുമാർ, വട്ടിയൂർക്കാവ്- തലസ്ഥാന മേയർ അഡ്വ. വി.കെ. പ്രശാന്ത് എന്നിവരാണ് യുവ സ്ഥാനാർത്ഥികൾ. ജില്ലാ സെക്രട്ടേറിയറ്റുകളും ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികളും അംഗീകരിച്ച പേരുകൾ ഇന്നലെ രാവിലെ സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് അംഗീകരിച്ച ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
മഞ്ചേശ്വരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.എച്ച്. കുഞ്ഞമ്പുവിന്റെ പേര് അവസാന നിമിഷം വരെ ഉയർന്നുകേട്ടിരുന്നെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത് ശങ്കർ റൈയുടെ പേര് മാത്രമാണ്. ജില്ലാ നേതൃത്വം പ്രാഥമികമായി തയ്യാറാക്കി അയച്ച പാനലിലും ശങ്കർറൈയുടെ പേരിനായിരുന്നു മുൻതൂക്കം. സി.എച്ച്. കുഞ്ഞമ്പുവിന്റെയും കെ.ആർ. ജയാനന്ദയുടെയും പേരുകളും ഉൾപ്പെട്ടതായിരുന്നു പാനൽ. കന്നഡ ഭാഷാന്യൂനപക്ഷ മേഖലയിൽ നിന്നുള്ള പ്രതിനിധിയെന്ന പരിഗണനയുമുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തശേഷമാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ശങ്കർ റൈയുടെ പേര് അവതരിപ്പിച്ചത്. വൈകിട്ട് ചേർന്ന മണ്ഡലം കമ്മിറ്റിയിലും മറ്റൊരു പേരുയർന്നില്ല.
മഞ്ചേശ്വരത്ത് സി.എച്ച്. കുഞ്ഞമ്പുവിന്റെ പേരായിരുന്നല്ലോ കഴിഞ്ഞ ദിവസം കേട്ടതെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, 'അത് നിങ്ങളെ ആരോ തെറ്റിച്ചതാണ് ' എന്നായിരുന്നു കോടിയേരിയുടെ മറുപടി. 'നിങ്ങൾക്ക് ഞങ്ങളുടെ എല്ലാ വിവരങ്ങളും കിട്ടുന്നില്ലെന്ന് ഇപ്പോൾ മനസിലായില്ലേ. ഇരുപത് ശതമാനം കാര്യങ്ങൾ കിട്ടാത്തതുണ്ട്'- കോടിയേരി പറഞ്ഞു. സ്ഥാനാർത്ഥികളിൽ കൂടുതലും യുവാക്കളാണല്ലോയെന്ന ചോദ്യത്തിന്, എല്ലാ വിഭാഗക്കാരുമുണ്ടെന്ന് കോടിയേരി പറഞ്ഞു. സാമുദായിക സമവാക്യങ്ങൾ അടിസ്ഥാനപ്പെടുത്തി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന രീതിയല്ല സി.പി.എമ്മും എൽ.ഡി.എഫും സ്വീകരിക്കാറ്. എറണാകുളത്തെ സ്ഥാനാർത്ഥിത്വം പ്രത്യേക സമുദായത്തെ നോക്കിയല്ലേയെന്ന ചോദ്യത്തിന്, മനുറോയ് പ്രമുഖ അഭിഭാഷകനാണെന്നായിരുന്നു മറുപടി. സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന നിലയിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു.