തിരുവനന്തപുരം : അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും നല്ല ആത്മവിശ്വാസത്തോടെയാണ് എൽ.ഡി.എഫ് മത്സരിക്കുന്നതെന്നും ജയിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചിടത്തും ബൂത്ത്തലം വരെയുള്ള തിരഞ്ഞെടുപ്പ് സമിതികൾ ഒക്ടോബർ അഞ്ചിനകം രൂപീകരിക്കും.
അരൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച ബി.ഡി.ജെ.എസിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ബി.ഡി.ജെ.എസ് എന്ത് തീരുമാനമെടുക്കുമെന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കുന്നതല്ലെന്നായിരുന്നു മറുപടി. ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ കക്ഷിയായതിനാൽ അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഹിന്ദുസ്ഥാനാർത്ഥികൾ വേണമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തെപ്പറ്റിയുള്ള ചോദ്യത്തിന് അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി. എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും പോലുള്ള സംഘടനകളുടെ വോട്ടുകൾ നേടാനാകും എൽ.ഡി.എഫ് ശ്രമിക്കുക.
ജനവിധി സർക്കാരിനെ ബാധിക്കില്ല
20 മാസത്തെ കാലാവധി മാത്രമുള്ള ഉപതിരഞ്ഞെടുപ്പിലെ ജനവിധി സംസ്ഥാനസർക്കാരിനെ ബാധിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷത്തെയും കുറിച്ച് ജനം വിലയിരുത്തും. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫിന്റേതാണ്. അതുകൊണ്ട് സർക്കാരിന്റെ സ്ഥിരതയെ ബാധിക്കുന്നതാകില്ല ഫലം. വട്ടിയൂർക്കാവ് പ്രതീക്ഷയുള്ള മണ്ഡലമായതിനാലാണ് മേയറെ സ്ഥാനാർത്ഥിയാക്കിയത്. അദ്ദേഹം മേയർസ്ഥാനം ഒഴിയേണ്ടതില്ല.
ശബരിമല ഉപതിരഞ്ഞെടുപ്പിൽ പ്രശ്നമാകില്ല. ജനവിധി എന്തായാലും സുപ്രീംകോടതിയുടെ തീരുമാനത്തെ സ്വാധീനിക്കാനും പോകുന്നില്ല.
പാലായിൽ ബി.ജെ.പിയുടെ വോട്ട് കച്ചവടത്തിലൂടെ ഉണ്ടായ ജനവിധിയാണ് ഇന്ന് അറിയാൻ പോകുന്നതെന്നും കോടിയേരി പറഞ്ഞു.