കാശ്‌മീരിൽ ആക്രമണത്തിനെത്തിയ ഭീകരർ കയറിക്കൂടുന്ന കെട്ടിടം ഒഴിപ്പിക്കാൻ സേന നടത്തുന്ന ഓപ്പറേഷനു സമാനമായ ഒരു സാഹചര്യമാണ് മരട് ഫ്ലാറ്റുകളിൽ ഇപ്പോൾ നിലനിൽക്കുന്നത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം നൽകി നിയമപ്രകാരം സ്വന്തമാക്കിയ ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ വിസമ്മതിച്ച കുടുംബങ്ങളെ പുകച്ചു പുറത്തു ചാടിക്കാനുള്ള അപരിഷ്‌കൃതവും മനുഷ്യത്വവിരുദ്ധവുമായ പ്രാകൃത മുറകളാണ് നിയമത്തിന്റെ പേര് പറഞ്ഞ് അവിടെ നടക്കുന്നത്.
തീരദേശപരിപാലന നിയമം ലംഘിച്ച് മരടിൽ കെട്ടിപ്പൊക്കിയ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന് ഉത്തരവ് ഇറക്കിയ പരമോന്നത കോടതി അവിടെയുള്ള താമസക്കാരുടെ കാര്യം പരിഗണിച്ചില്ലെന്നു വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഹർജികളുടെ വാദം നടന്നപ്പോൾ ഫ്ളാറ്റ് നിവാസികളുടെ പ്രശ്‌നം നേരാംവണ്ണം ഉന്നയിക്കുന്നതിൽ പരാജയം സംഭവിക്കുകയും ചെയ്‌തു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ബെഞ്ച് മറികടക്കാനുമുള്ള ശ്രമവും ഇതിനിടെ ഉണ്ടായത്രെ. ഫ്ളാറ്റുകൾ പൊളിച്ചുതന്നെ തീരണമെന്ന കടുത്ത ശാഠ്യത്തിന് കാരണമായതും ഇതാണത്രെ. ഏതായാലും നാല് ഫ്ളാറ്റുകളിലായി കഴിയുന്ന മുന്നൂറ്റി അൻപതോളം കുടുംബങ്ങൾ ഇന്ന് നീതിനിഷേധം നേരിടുകയാണ്.
ഭരണകൂടവും ജുഡീഷ്യറിയും അവരെ പൂർണമായും കൈവിട്ടിരിക്കുന്നു. ഒഴിയാൻ വിസമ്മതിക്കുന്ന താമസക്കാരെ പൊലീസിനെ നിയോഗിച്ച് ബലം പ്രയോഗിച്ച് ഇറക്കി വിടുന്ന പേരുദോഷം ഒഴിവാക്കാൻ ഫ്ളാറ്റുകൾക്കുള്ള വെള്ളവും വെളിച്ചവും മുടക്കി അവരെ പുറത്തിറക്കാനുള്ള അവസാനത്തെ തറവേലയാണ് നടക്കുന്നത്. പത്തും ഇരുപതും നിലകളുള്ള ഫ്ളാറ്റ് സമുച്ചയത്തിൽ വെള്ളവും വെളിച്ചവും മുടങ്ങിയാലുള്ള അവസ്ഥ ഊഹിക്കാമല്ലോ. ഇത്തരത്തിലൊരു കാടൻ നടപടി സൃഷ്‌ടിക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അശേഷം ചിന്തയില്ലാതെയാണ് സർക്കാർ നിർദ്ദേശ പ്രകാരം മരട് നഗരസഭ രണ്ടും കെട്ട നടപടിക്കു തുനിഞ്ഞിറങ്ങിയിരിക്കുന്നത്. താമസക്കാരെ പൂർണമായും ഒഴിപ്പിച്ച് ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള സാഹചര്യം ഒരുക്കിക്കഴിഞ്ഞു എന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാകാം ഈ പൊറാട്ടു നാടകം. എന്നാൽ പരിഷ്‌കൃത ലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത ഈ ഭരണകൂട അതിക്രമത്തെ അനുകൂലിക്കാൻ അധികം പേരുണ്ടാകില്ല. കൈ നിറയെ കൈക്കൂലി വാങ്ങി നിരോധിത പ്രദേശത്ത് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയ നഗരസഭയ്‌ക്കും ഇത്രയും കാലം ഇതൊക്കെ കണ്ടുകൊണ്ടിരുന്ന സർക്കാരിനും യാതൊരു ഉത്തരവാദിത്വവുമില്ലേ? നിയമലംഘനം നടത്തിയത് ഫ്ലാറ്റുടമകളല്ലെന്ന് എല്ലാവർക്കും അറിയാം. വർഷങ്ങൾക്കു മുമ്പു തന്നെ പൂർണമായും വില നൽകി സ്വന്തം പേരിൽ ഫ്ലാറ്റ് സ്വന്തമാക്കിയ താമസക്കാർ ഒരു സുപ്രഭാതത്തിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെടുന്നതിലെ നിയമ - നീതി നിഷേധം കോടതിയെ ബോദ്ധ്യപ്പെടുത്താനുള്ള ധാർമ്മിക ഉത്തരവാദിത്വം സർക്കാരിനുണ്ടായിരുന്നു. അത് വേണ്ടും വിധം വിനിയോഗിച്ചില്ലെന്നു മാത്രമല്ല, കാഴ്ചക്കാരുടെ റോളിലേക്ക് ഭരണകൂടം മാറുകയും ചെയ്‌തു.
മരടിൽ ഇനി നിയമപരമായി ഒരു സാദ്ധ്യതയുമില്ലെന്നാണ് സുപ്രീംകോടതിയിൽ പോയി വയറു നിറയെ ശകാരം ഏറ്റുവാങ്ങി തിരിച്ചെത്തിയ ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തെ അറിയിച്ചതത്രെ. കോടതി അലക്ഷ്യക്കുറ്റത്തിന് ജയിലിൽ പോകാതിരിക്കാനുള്ള വഴിയാണ് അദ്ദേഹം നോക്കുന്നത്. മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ കോടതി പുറപ്പെടുവിച്ച വിധിയുടെ ആഘാതം ദൂരവ്യാപകമാകുമെന്ന മുന്നറിയിപ്പും ചീഫ് സെക്രട്ടറി നൽകുന്നു. നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച 1800-ലേറെ കെട്ടിടങ്ങളുണ്ടെന്ന കൈക്കണക്കും അദ്ദേഹം മന്ത്രിസഭായോഗത്തിൽ സമർപ്പിച്ചുവത്രെ.
കോടതി ഉത്തരവിട്ടാൽ ഇവയും പൊളിച്ചുമാറ്റേണ്ടിവരുമെന്നാണ് പറയുന്നത്. നിയമം നടപ്പാക്കാൻ ചുമതലപ്പെട്ടവരൊക്കെ ഈ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോൾ എവിടെപ്പോയിരുന്നു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതി പത്രങ്ങൾ നൽകിയതിലൂടെ പല തലമുറകൾക്കു കഴിയാനുള്ള വക സമ്പാദിച്ചുകൂട്ടിയവർക്കു നേരെ സർക്കാർ കണ്ണടച്ചതാണ് നിയമവിരുദ്ധമായ ആയിരക്കണക്കിനു കെട്ടിടങ്ങൾ ഉയരാൻ കാരണമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. മരടിൽ പൊളിക്കാൻ കോടതി നിർദ്ദേശിച്ച ഫ്ളാറ്റുകൾ നിർമ്മിച്ച കമ്പനികൾക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ച് നല്ലപിള്ള ചമയാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ ഇത്തരം ഉഡായിപ്പുകൾ കണ്ട് നിർമ്മാണ കമ്പനികൾ പേടിച്ചരണ്ട് രാജ്യം വിടുമെന്നാണോ ധരിച്ചിട്ടുള്ളത്. ചെയ്യേണ്ടത് ചെയ്യേണ്ട കാലത്തു ചെയ്യാതെ പരിഹാസ്യമായ നടപടികൾക്കു മുതിരുന്നത് ആരെ ബോദ്ധ്യപ്പെടുത്താനാണ്? ആദ്യം ക്രിമിനൽ കേസ് എടുക്കേണ്ടത് വിവാദ ഫ്ളാറ്റുകളുടെ നിർമ്മാണത്തിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വേണം. തടയേണ്ട സമയത്തു തടഞ്ഞിരുന്നുവെങ്കിൽ നിരോധിത മേഖലയിൽ ഒരിക്കലും ഫ്ലാറ്റുകൾ ഉയരുമായിരുന്നില്ല. മരടിൽ മാത്രമല്ല, എവിടെയും സ്ഥിതി ഇതാണ്.
പുറപ്പാടു കണ്ടാൽ രാജ്യത്തെ ഏക നിയമവിരുദ്ധ പാർപ്പിട സമുച്ചയം മരടിലേതാണെന്നു തോന്നും. രാജ്യത്തെമ്പാടും പതിനായിരക്കണക്കിനു കെട്ടിടങ്ങൾ ഈ ഗണത്തിൽ വരും. അവയുടെ കാര്യത്തിലൊന്നുമില്ലാത്ത ഒരു വീറും വാശിയുമാണ് മരടിൽ കാണുന്നത്. വെള്ളവും വെളിച്ചവും നിഷേധിച്ച് ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നവർ അടുത്തപടിയായി എന്താണു ചെയ്യാൻ പോകുന്നതെന്നറിയില്ല. പ്രാണവായു തടയാൻ വിദ്യ വല്ലതുമുണ്ടോ എന്നു പരീക്ഷിക്കാവുന്നതാണ്. ഒറ്റയടിക്ക് കാര്യം നടക്കും. രണ്ടാം ലോക മഹായുദ്ധകാലത്തേക്ക് ഒരു തിരിച്ചുപോക്ക് എന്തായാലും വേണ്ട തന്നെ.