ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ മൂന്നാംഘട്ടമായ കൊടിനട-വഴിമുക്ക് വികസനത്തോടൊപ്പം ബാലരാമപുരത്ത് അടിപ്പാത നിർമ്മിക്കാനുള്ള നടപടികൾ തുടങ്ങി. വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ പുതിയ സാദ്ധ്യതകളുടെ അടിസ്ഥാനത്തിലും റോഡ് വഴിയുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ബാലരാമപുരത്ത് അടിപ്പാത വേണമെന്നാണ് ആവശ്യമുയർന്നിട്ടുള്ളത്. നാഷണൽ ഹൈവേ അതോറിട്ടി, കളക്ടർ, മരാമത്ത് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സമിതി സർക്കാരുമായി കൂടിയാലോചിച്ചാണ് ബാലരാമപുരത്ത് അടിപ്പാത നിർമ്മിക്കണമെന്ന് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ പ്രാദേശിക എതിർപ്പുകൾ ഉയർന്നുവന്നതോടെ അടിപ്പാതയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. ബാലരാമപുരം പോലുള്ള വാണിജ്യനഗരത്തിലെ അഴിയാക്കുരുക്കായ ഗതാഗതപ്രതിസന്ധി ഒഴിവാക്കുന്നതിനും കോവളം –നെയ്യാർ ഡാം ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിനും ബാലരാമപുരം പട്ടണത്തിന്റെ മുഖച്ഛായ തന്നെ വികസനമാതൃകയിൽ മാറണമെന്ന സർക്കാർ വിലയിരുത്തലാണ് അടിപ്പാതവേണമെന്ന ആവശ്യത്തിന് ബലമേകിയത്.
ബാലരാമപുരം ജംഗ്ഷനിൽ നിന്നു വിഴിഞ്ഞം- കാട്ടാക്കട ഭാഗത്തേക്ക് പരിധിയിൽ 500 മീറ്റർ മണ്ണിന്റെ സാമ്പിൾ പരിശോധനയും കഴിഞ്ഞ ദിവസം ആരംഭിച്ചു.
30 മീറ്ററോളം താഴ്ത്തി അടിഭാഗത്ത് പാറയുടെയും ജലത്തിന്റെയും സാന്നിദ്ധ്യം, മണ്ണിന്റെ ഉറപ്പ് കണ്ടെത്തുന്നതാണ് മണ്ണ് പരിശോധന
ജംഗ്ഷനിൽ നിന്നും തണ്ണിക്കുഴി പാലത്തിന് സമീപത്താണ് അടിപ്പാതയുടെ അലൈൻമെന്റ് ചെയ്തിരിക്കുന്നത്.
പരിശോധനഫലത്തിൽ മറ്റ് തടസങ്ങൾ ഇല്ലെങ്കിൽ എൽ.ഡി.എഫ് മന്ത്രിസഭയുടെ കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി ഈ സർക്കാരിന്റെ കാലത്ത് തന്നെ അടിപ്പാത നിർമ്മാണം പൂർത്തിയാക്കും
ഇതിനായി വിഴിഞ്ഞം-കാട്ടാക്കട ഭാഗത്ത് നിന്നു റോഡിനിരുവശവും സ്ഥലമേറ്റെടുക്കുന്നതിന്റെ സർവേ നടപടികളും ആരംഭിച്ചു
അടിപ്പാതയ്ക്കള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുമായി ചർച്ച നടത്തി നഷ്ടപരിഹാരം എത്രയും വേഗം നൽകി പാതവികസനം വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഭൂവുടമകളുമായിട്ടുള്ള വിലനിർണയ ചർച്ചകളിൽ മണ്ഡലം എം.എൽ.എ മാരുടെ സാന്നിദ്ധ്യവും ഉറപ്പ് വരുത്തും.
ആധുനിക രീതിയിൽ വികസനം സാദ്ധ്യമാകുന്നതോടെ ബാലരാമപുരം പട്ടണത്തിന്റെ മുഖച്ഛായ തന്നെ മാറും. ഇതോടെ കൈത്തറി നാട് വികസനക്കുതിപ്പിലേക്ക് ചുവടുവയ്ക്കുമെന്നാണ് പ്രതീക്ഷ. ഇതിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് മന്ദീഭവിച്ച കൈത്തറി ടൂറിസം പദ്ധതി പുനഃരുജ്ജീവിപ്പിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ബാലരാമപുരം കൈത്തറി ലോക ശ്രദ്ധ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. ഇതിനായി പ്രാദേശിക എൽ.ഡി.എഫ് നേതൃത്വം സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നൂൽക്ഷാമവും കൂലി വർദ്ധനയും നടപ്പിലാക്കാതെ കൈത്തറിത്തൊഴിലാളികളോടുള്ള അവഗണനയും മറ്റൊരു വെല്ലുവിളിയായി ഉയരുന്നുണ്ട്.