chakkai

തിരുവനന്തപുരം: ചാക്ക ഗവൺമെന്റ് യു.പി സ്കൂളിലെ കുട്ടികൾക്ക് ക്ലാസിലെത്താൽ ഇനി ബെഞ്ച് പാലം വേണ്ട. പകരം നഗരസഭ സ്കൂളിന്റെ രണ്ടാം നിലയിലേക്ക് പുതിയ സ്റ്റെയർകേയ്സ് കെട്ടിക്കൊടുക്കും. മഴയെത്തുമ്പോൾ ‌ബെഞ്ചുകൊണ്ടുണ്ടാക്കുന്ന പാലത്തിലൂടെ ക്ലാസിൽ എത്തേണ്ടിവരുന്ന വിദ്യാർത്ഥികളുടെ അവസ്ഥയെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് സ്ഥലം സന്ദർശിച്ച എ.ഇ.ഒ വെള്ളക്കെട്ട് ഒഴിയും വരെ സ്കൂളിന് അവധി പ്രഖ്യാപിച്ചു.

വി.എസ്. ശിവകുമാർ എം.എൽ.എ,​ ചാക്ക വാർഡ് കൗൺസിലർ ശ്രീകുമാർ എന്നിവർ ഇന്നലെ സ്കൂളിലെത്തി. സ്റ്റെയർകേയ്സിന്റെ നിർമ്മാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. സ്കൂൾ പരിസരത്തെ വെള്ളം പമ്പ് ചെയ്ത് നീക്കാൻ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

chakka-school
കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

നിർമ്മാണം പുരോഗമിക്കുന്ന പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാവുന്നതോടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആകുമെന്നാണ് അധികൃതർ പറയുന്നത്. നഗരസഭയുടെ പ്രത്യേക ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ മുടക്കി നിർമ്മിക്കുന്ന കെട്ടിടം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഇരുനില സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ മാത്രമാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിയാത്തതിനാൽ താഴെ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ കൂടി മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു. ക്ലാസ് മുറികളിലേക്ക് ഇനി പേടിക്കാതെ പോകാമല്ലോ എന്ന സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും.