v-k-prasanth

തിരുവനന്തപുരം: നഗരസഭയിൽ നിന്നും നിയമസഭയിലേക്ക് അരക്കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ ഇത്രയും ദൂരം പിന്നിടാൻ ഇനിയും കടമ്പകളുണ്ടെന്നു മേയർ വി.കെ പ്രശാന്തിന്‌ അറിയാം. ഇന്ന് രാവിലെ എ. കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപു തന്നെ മേയർ ബ്രോ പണി തുടങ്ങിയിരുന്നു.

സാധാരണ കളർ ഷർട്ടുകൾ ധരിക്കാറുള്ള ബ്രോ ഇന്നിറങ്ങിയത് തൂവെള്ള വേഷത്തിലായിരുന്നു. അപ്രതീക്ഷിതമായി കടന്നു വന്ന മേയർ പദവി പോലെ തന്നെയാണ് വട്ടിയൂർക്കാവിൽ സ്‌ഥാനാർത്ഥിയായി പാർട്ടി തീരുമാനിച്ചതെന്നാണ് വി കെ പ്രശാന്ത് പറയുന്നത് .രാവിലെ കവടിയാർ കൊട്ടാരത്തിൽ എത്തി തിരുവതാംകൂർ രാജവംശ പ്രതിനിധികളെ കണ്ടിരുന്നു. നഗര പിതാവ് എന്ന നിലയിൽ മികച്ച ആസൂത്രണ മികവോടെ പ്രവർത്തിച്ച പ്രശാന്തിന്‌ രാജകുടുംബാംഗങ്ങൾ ആശംസകൾ നേർന്നു.

തുടർന്ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാറുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരക്കുകൾ കാരണം നടന്നില്ല. ആ സമയത്ത് വട്ടിയൂർക്കാവിൽ ചില സൗഹൃദ കൂടികാഴ്ചകൾക്കായി മേയർ പോയി. അതുകഴിഞ്ഞതിനു ശേഷം കോർപറേഷൻ ഓഫീസിലേക്ക് തിരിച്ചു.

ന്യൂജനറേഷന് വി.കെ. പ്രശാന്ത് 'ബ്രോ ' ആണെങ്കിൽ ചിലർക്ക് മേയർ അണ്ണനും അനിയനുമാണ്. നഗരസഭാ ഓഫീസിലെത്തിയ മേയറുടെ അടുത്ത് ജീവനക്കാർ ഉൾപ്പടെയുള്ളവർ എത്തി കുശലാന്വേഷണം നടത്തി. ചിലർ സ്ഥാനാർത്ഥിക്ക് വിജയാശംസ നേർന്നു. എല്ലാവരോടും പതിവു ചിരിയോടെ സംസാരിച്ച ശേഷം മേയർ മുറിയിലേക്ക് മടങ്ങി. അത്യാവശ്യ ഫയലുകൾ ഒപ്പുവച്ച് ഉച്ചഭക്ഷണത്തിന് ഇറങ്ങി. "സാധാരണ വീട്ടിൽ നിന്നാണ് ഭക്ഷണം കൊണ്ട് വരുന്നത്. ഇന്നിപ്പോൾ അതിനു സാധിച്ചില്ല. പുറത്തു പോയി കഴിക്കണം"- ബ്രോ പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് നടക്കേണ്ട റോഡ് ഷോയിൽ പങ്കെടുക്കാനായിരുന്നു മേയറുടെ പിന്നീടുള്ള യാത്ര. പോകുന്നതിനു മുൻപ് എല്ലാവരോടും ചിരിച്ച് കൈകൊടുത്ത് പ്രചാരണ പരിപാടികളുടെ തിരക്കിലേക്ക് വി.കെ പ്രശാന്ത് ഇറങ്ങി.