നെയ്യാറ്റിൻകര: ആധുനിക പത്രപ്രവർത്തകർ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കർമ്മപാത പിൻതുടരണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി . നെയ്യാറ്റിൻകര നഗരസഭയും സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറവും ചേർന്ന് സംഘടിപ്പിച്ച സ്വദേശാഭിമാനിയുടെ 109-ാമത് നാടുകടത്തൽ ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ക്ലേശകരമായ ജീവിതം പോലെ തന്നെയായിരുന്നു അക്കാലത്തെ പത്ര പ്രവർത്തനവും. പയ്യാമ്പലത്ത് രാമകൃഷ്ണപിള്ളയുടെ സ്മാരകകൂടീരം ഭക്ത്യാദരവോടെയാണ് നാട്ടുകാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര പ്രസ്ക്ലബ് പ്രസിഡന്റ് അജി ബുധന്നൂർ അദ്ധ്യക്ഷനായിരുന്നു. ജേർണലിസ്റ്റ് ഫോറം പ്രസിദ്ധീകരിച്ച ഡയറക്ടറി മന്ത്രി പ്രകാശനം ചെയ്തു. പ്രമുഖ കഥാകൃത്ത് ഡോ.എസ്.വി.വേണുഗോപൻ നായരെ മന്ത്രി പൊന്നാട അണിയിച്ചു. സ്കൂളുകളിൽ കോയിൻ ബോക്സ് സ്ഥാപിച്ച് രണ്ടരക്കോടിയോളം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ മുൻകൈയെടുത്ത വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിലെ ആർ.എ. ആദർശ് എന്ന വിദ്യാർത്ഥിക്ക് മന്ത്രി ഉപഹാരം നൽകി. സ്വദേശാഭിമാനി പുരസ്കാര ജേതാക്കളായ എ.പി.ജിനൻ, അനിൽജോസഫ്, ഹലീൽ, പ്രദീപ്, രാജീവ് എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. കെ.ആൻസലൻ എം.എൽ.എ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ശ്രീകണ്ഠൻനായർ, കൗൺസിലർ ഗ്രാമം പ്രവീൺ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി.ബാലചന്ദ്രൻ നായർ, കൊടങ്ങാവിള വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സജിലാൽ സ്വാഗതവും എസ്.ഹലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.