general

ബാലരാമപുരം: ബാലരാമപുരത്ത് മാലിന്യപ്രതിസന്ധി പഞ്ചായത്തിന് വീണ്ടും തലവേദനയാകുന്നു. മിക്കവാർഡുകളിലും മാലിന്യക്കൂനകൾ രൂപപ്പെട്ടിട്ടും അവയൊന്നും നീക്കം ചെയ്യുന്നില്ലെന്നാണ് പരാതി. ബാലരാമപുരം –വിഴിഞ്ഞം റോഡിൽ ഹൗസിംഗ് ബോർഡിന് മുൻവശം,​ പഴയകട ലൈൻ,​ ശാലിഗോത്രതെരുവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. പ്ലാസ്റ്റിക്ക് കവറുകളിലും ചാക്കിലും കെട്ടിയാണ് അജൈവമാലിന്യം ഇടവഴികളിലും റോഡരികിലും തള്ളുന്നത്. ബാലരാമപുരത്ത് പഴയകട ലൈനിൽ മാലിന്യനീക്കം ചെയ്തിട്ട് ആഴ്ച്ചകളായി. കാൽനടയാത്രക്കാർക്ക് പോലും നടന്നു പോകാൻ കഴിയാത്തവിധം ഇവിടെ പകർച്ചവ്യാധിഭീഷണി നേരിടുകയാണ്. മഴ ശക്തമായതോടെ മാലിന്യകേന്ദ്രങ്ങളെല്ലാം കൊതുകുകളുടെ താവളമായിമാറി. ജൈവ-അജൈവ മാലിന്യം വീടുകളിലെത്തി വെവ്വേറെ ശേഖരിക്കാൻ പഞ്ചായത്തിന്റെ കീഴിൽ ഹരിതകർമ്മസേന പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മിക്കവരും മാലിന്യം ഇടവഴിയിൽ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്. ജംഗ്ഷനുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബാലരാമപുരം മാർക്കറ്റിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. ഓടകളും പൊട്ടിയൊഴുകാൻ തുടങ്ങിയതോടെ മാർക്കറ്റ് പരിസരത്തും മാലിന്യപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മാലിന്യസംസ്കരണത്തിന് പഞ്ചായത്ത് സംവിധാനം കണ്ടെത്താത്താണ് പ്രതിസന്ധിയുടെ ആക്കം വർദ്ധിച്ചിരിക്കുന്നത്. പഞ്ചായത്തിൽ ഏഴാം വാർഡായ പഴയകടലൈനിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.