1

തിരുവനന്തപുരം: ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) അന്താരാഷ്ട്ര ബധിര വാരാചാരണത്തിന് തുടക്കമായി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. 'ആംഗ്യഭാഷ അവകാശം എല്ലാവർക്കും' എന്നതാണ് ഇത്തവണത്തെ പ്രമേയം. ഗാന്ധിജിയുടെ 150 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള 45 നിഷ് വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ചിരിക്കുന്ന 'സത്യമേവ ജയതേ' ഗാന്ധി ഭജന വീഡിയോയും പ്രകാശനം ചെയ്തു. ബധിര സമൂഹത്തിന് ആസ്വദിക്കാൻ പാകത്തിലുള്ള ഭജനുകൾ ഇന്ത്യൻ ആംഗ്യഭാഷാ ചരിത്രത്തിലെ ആദ്യ സംരംഭമാണെന്ന് രൂപകല്പനയും സംവിധാനവും നിർവഹിച്ച അദ്ധ്യാപിക സിൽവി മാക്‌സി മേന പറഞ്ഞു. ഫൈൻ ആർട്‌സ് വിദ്യാർത്ഥികൾ വരച്ച പെയിന്റിംഗുകളുടെ പ്രദർശനവും നടന്നു. ഈ പ്രദർശനം ഇന്നും നാളെയും മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും. സെന്റർ ഫോർ അസിസ്റ്റീവ് ടെക്‌നോളജി ഡയറക്ടർ ഡോ. കെ.ജി. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്ത്, അക്കാഡമിക് കോഒാർഡിനേറ്റർ ഡെയ്‌സി സെബാസ്റ്റ്യൻ, അദ്ധ്യാപകരായ രാജി ഗോപാൽ, സന്ദീപ്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.