തിരുവനന്തപുരം: വസ്‌തു സംബന്ധമായ എല്ലാവിവരവും ഉടമകൾക്കിനി ഓൺലൈനിൽ പരിശോധിക്കാൻ അവസരം. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഈ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താനുമാകും. അധികം വൈകാതെ ഈ സംവിധാനം സജ്ജമാവും. സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കമ്പ്യൂട്ടർവത്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണിത്.
റീസർവേ പൂർത്തിയായതുൾപ്പെടെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങൾ ഘട്ടംഘട്ടമായി ഡിജിറ്റൈസ് ചെയ്യും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലെയും ഭൂവിവരങ്ങൾ ഡിജിറ്റൈസ് ചെയ്യും. റീസർവേ പൂർത്തിയായ വില്ലേജുകളിലെ അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജിറ്റൈസ് ചെയ്‌ത് ഓൺലൈൻ സേവനങ്ങളായ ഇ-പോക്കുവരവിലൂടെയും ഇ-പെയ്‌മെന്റിലൂടെയും ഭൂനികുതി ശേഖരിക്കുന്നതാണ് ആദ്യഘട്ടം. തണ്ടപ്പേർ വിവരങ്ങളും ഡിജിറ്റൈസ് ചെയ്‌ത് ഭൂരേഖയുമായി യോജിപ്പിക്കും. ആകെയുള്ള 1664 വില്ലേജുകളിൽ 1649ലും അടിസ്ഥാന ഭൂനികുതി രജിസ്റ്റർ ഡിജിറ്റൈസ് ചെയ്‌തു. ശേഷിക്കുന്ന 15 വില്ലേജുകളിലെ ഡിജിറ്റൈസേഷൻ പുരോഗമിക്കുകയാണ്.
റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകൾ ഭൂമി സംബന്ധമായി നൽകുന്ന സേവനങ്ങൾ പരസ്‌പരം ബന്ധിപ്പിച്ചുള്ള സംയോജിത ഓൺലൈൻ പോക്കുവരവ് സംവിധാനം 1549 വില്ലേജുകളിലുണ്ട്. പദ്ധതിയിലൂടെ ഇതിനകം 74 ലക്ഷം പോക്കുവരവുകൾ പൂർത്തിയാക്കി. ഈ സംവിധാനമുള്ള വില്ലേജുകളിൽ ഓൺലൈനിലൂടെ നികുതിയും ഒടുക്കാം.
കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ഇ - പോസ് മെഷീനുകൾ സ്ഥാപിക്കും. ജി.പി.എസ് മാപ്പിംഗിലൂടെ ജി.ഐ.എസ് അധിഷ്ഠിതമായ സംയോജിത ലാൻഡ് ഇൻഫർമേഷൻ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ മണക്കാട് വില്ലേജിൽ ജി.ഐ.എസ് മാപ്പിംഗും ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളും സോഫ്ട്‌വെയർ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്.
നവീനമാർഗങ്ങളിലൂടെ ഡിജിറ്റൽ റീസർവേ, ഭൂരേഖ കമ്പ്യൂട്ടർവത്കരണം ഉൾപ്പെടെയുള്ള ജോലികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്റി ചെയർമാനും റവന്യൂ, രജിസ്ട്രേഷൻ മന്ത്റിമാർ വൈസ് ചെയർമാൻമാരുമായി ഭൂരേഖ നവീകരണമിഷനും രൂപീകരിച്ചു.