തിരുവനന്തപുരം: ഇടമൺ-കൊച്ചി പവർഹൈവേ കമ്മിഷൻ ചെയ്യുന്നതോടെ കേരളത്തിലെ വൈദ്യുതി മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 800 മെഗാവാട്ട് അധികവൈദ്യുതി ഇതിലൂടെ കേരളത്തിലെത്തിക്കാൻ കഴിയും. ഊർജ്ജപ്രസരണ നഷ്ടം പരമാവധി ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങളുടെ നേട്ടമായാണ് ഇടമൺ -കൊച്ചി വൈദ്യുതി ലൈൻ യാഥാർത്ഥ്യമാകുന്നതിനെ ഞാൻ കാണുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ സ്ഥലമേ​റ്റെടുപ്പിലെ പ്രശ്നങ്ങളിൽ തട്ടി നിലച്ച അവസ്ഥയിലായിരുന്നു പദ്ധതി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകൾ പരിഹരിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്.

ആകെ 447 ടവറുകളാണ് പദ്ധതിക്കായി നിർമ്മിക്കേണ്ടിയിരുന്നത്. അതിൽ 351 എണ്ണവും (78.5% ) പൂർത്തിയാക്കിയത് ഈ മൂന്നു വർഷത്തിനിടയിലാണ്. 96 (21.5%) എണ്ണമാണ് 2011-16 കാലത്ത് നടന്നത്. 148.3 കിലോമീ​റ്ററിലാണ് ആകെ ലൈൻ വലിക്കേണ്ടിയിരിക്കുന്നത്. 138.8 കിലോമീ​റ്ററും (93.5 %) പൂർത്തിയാക്കിയത് ഈ സർക്കാരാണ്. 9.5 കിലോമീ​റ്ററിലാണ് (6.5 %) 2011-16 കാലത്ത് ലൈൻ വലിച്ചത്.

കേരളത്തിന്റെ വികസനരംഗത്താകെ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സർക്കാരിന് കഴിഞ്ഞെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.