വക്കം: വീട്ടിൽ ടി.വി കാണാൻവന്ന അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം പണയിൽകടവ് തോപ്പിൽ ലക്ഷംവീട് കോളനിയിൽ വിജി എന്ന വിജയകുമാർ(37) ആണ് പിടിയിലായത്. കുട്ടി ഭക്ഷണം കഴിക്കാതിരുന്നതോടെ അച്ഛൻ കാര്യം തിരക്കിയപ്പോൾ, ഭയംനിമിത്തം കുട്ടി ആദ്യം കാര്യം പറഞ്ഞില്ല. കൂടുതൽ ചോദിച്ചപ്പോൾ കാര്യങ്ങൾ പറയുകയും അച്ഛൻ ഉടൻ തന്നെ കടയ്ക്കാവൂർ എസ്.ഐയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കുട്ടിയുടെ വീട്ടുകാരും പ്രതിയും തമ്മിൽ വഴക്കുണ്ടാകുകയും സംഭവം കേസാകുമെന്ന് മനസിലാവുകയും ചെയ്തതോടെ വസ്ത്രങ്ങളെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് പൊലീസ് പിടികൂടിയത്. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ ഡീൻ, സി.പി.ഒ മാരായ ബിനോജ്, രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.