തിരുവനന്തപുരം: ഹൃദയാഘാതം മുൻകൂട്ടി അറിയാൻ ലളിതവും ചെലവു കുറഞ്ഞതുമായ ഹൃദയപരിശോധനയൊരുക്കി എസ്.യു.ടി റോയൽ ഹോസ്പ്പിറ്റൽ. പ്രോ ഹാർട്ട് എന്ന ലളിതവും ചെലവുകുറഞ്ഞതുമായ രക്തപരിശോധനാരീതിയിലൂടെ ഹൃദയാഘാത സാധ്യത എളുപ്പത്തിൽ തിരിച്ചറിയാനാകുമെന്ന് ഡോ. സി. ഭരത്ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു.
നിലവിൽ ആൻജിയോഗ്രാഫിയോ ത്രെഡ്മിൽ ടെസ്‌റ്റോ വഴിയാണ് ഹൃദയാഘാത സാധ്യത കണ്ടെത്തുന്നത്. ലളിതമായ രക്തപരിശോധന വഴി കൂടുതൽ സൂക്ഷ്മതയോടെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്താൻ പ്രോ ഹാർട്ട് പരിശോധനയ്ക്കാകും. ഇതിലൂടെ അടുത്ത അഞ്ച് വർഷം ഹൃദയാഘാതമോ മസ്തിഷ്‌കാഘാതമോ വരാനുള്ള സാധ്യത തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും.
രക്തധമനിയുടെ ഭിത്തിയിലെ തടിപ്പായ അത്തിരോമാറ്റസ് പ്ലാക്ക് പൊട്ടി രക്തം കട്ടപിടിച്ച് രക്തധമനികൾ അടയുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇങ്ങനെ പൊട്ടാൻ സാധ്യതയുള്ള പ്ലാക്കുകൾ ഉള്ളവർക്ക് രക്തത്തിൽ എൽ.പി പി.എൽ.എ 2 എന്ന എൻസൈമിന്റെ അളവ് കൂടുതലായിരിക്കും. ഈ അളവാണ് പ്രോ ഹാർട്ട് ടെസ്റ്റ് വഴി കണ്ടുപിടിക്കുന്നത്.
ഹൃദയാരോഗ്യ ദിനം പ്രമാണിച്ച് ഈ പരിശോധനയക്ക് എസ്.യു.ടിയിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 29 മുതൽ സേവനങ്ങൾ ആശുപത്രിയിൽ ലഭ്യമാകും.