കുഴിത്തുറ: കന്യാകുമാരി മാർത്താണ്ഡത്ത് 77,000 രൂപയുടെ കള്ളനോട്ടുമായി അഞ്ചുപേർ പിടിയിൽ. തിരുവനന്തപുരം നെയ്യാർഡാം കോട്ടൂർ മനൂർക്കര സാവുദ് (24), മാങ്കോട് അമ്പലക്കട സ്വദേശി മണി (51), മണവാളകുറിച്ചി സ്വദേശി ഷിബുസ്വാമി (45), തിരുവരബ് സ്വദേശി ജേക്കബ് (44) ചിത്തിരംകോട് സ്വദേശി ജസ്റ്റിൻ ജെതശേഖർ (39) എന്നിവരെയാണ് മാർത്താണ്ഡം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. സാവുദും കൂട്ടാളികളും രാവിലെ മാർത്താണ്ഡം ഗാന്ധി മൈതാനം ജംഗ്ഷനിൽ നിന്ന് ടാക്‌സിയിൽ തിരുവരബ് പോയി മടങ്ങുകയും ടാക്സി വാടകയായി ഡ്രൈവറിനു 500 രൂപയുടെ നോട്ട് നൽകുകയുമായിരുന്നു. അത് കള്ളനോട്ടാണെന്ന് മനസിലാക്കിയ ഡ്രൈവർ മാർത്താണ്ഡം പൊലീസിനെ വിവരമറിച്ചു. തുടർന്ന് തക്കല ഡിവൈ.എസ്.പി കാർത്തികേയന്റെ നിർദ്ദേശപ്രകാരം മാർത്താണ്ഡം എസ്.ഐ ശിവശങ്കർ, സി.ഐ ഡി. രാജമണി എന്നിവരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. നെയ്യാർ ഡാമിനടുത്തുള്ള സാവുദിന്റെ വീട്ടിൽ നിന്ന് 200രൂപയുടെ 60 കള്ളനോട്ടും 500 രൂപയുടെ 130 നോട്ടും പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്റിംഗ് മെഷീനും കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.