കിളിമാനൂർ: റോഡുകൾ വീതി കൂട്ടി നവീകരിച്ചതോടെ കുപ്പി കഴുത്ത് പോലെയായ അഞ്ച് പാലങ്ങളുടെ നവീകരണം വാഗ്ദാനങ്ങളിൽ ഒതുങ്ങി. പ്രസ്തുത പാലങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ട് അനുവദിച്ചതായി വർഷങ്ങൾക്ക് മുൻപ് സ്ഥലം എം.എൽ.എ അറിയിച്ചങ്കിലും യാതൊരു നടപടിയും ഇനിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കാരേറ്റ് ജംഗ്ഷനിൽ നിന്നും നഗരൂർ ജംഗ്ഷനിൽ എത്തുന്ന പ്രധാന പാതയിൽ രണ്ട് പാലങ്ങളാണ് അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത്. അര നൂറ്റാണ്ടിന് മുൻപ് നിർമ്മിച്ച ചെറുക്കാരം പാലത്തിന് അഞ്ച് മീറ്റർ വീതി മാത്രമാണുള്ളത്. കാല പഴക്കം കൊണ്ട് പാലത്തിന്റെ അടിത്തട്ടും ബീമുകളും ഒക്കെ തകർന്ന അവസ്ഥയിലാണ്. ഇരുവശത്തെയും റോഡുകൾ എട്ട് മീറ്ററോളം വീതിയിൽ നവീകരിച്ചെങ്കിലും അപകടസ്ഥയിലായ ചെറുകാരം പാലത്തിന്റെ നവീകരണം അനന്തമായി നീളുകയാണ്. നഗരൂർ ജംഗ്ഷന് സമീപത്തായുള്ള പാലവും അപകട ഭീഷണി ഉയർത്തുകയാണ്. കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാൻ പാകത്തിലുള്ള വീതി മാത്രമേ ഇതിനും ഉള്ളൂ. ചെമ്മരത്ത് മുക്ക് കല്ലമ്പലം റോഡിൽ വെള്ളല്ലൂർ പാലത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്ന് മീറ്റർ മാത്രം വീതിയുള്ള പാലത്തിലൂടെയാണ് ഇവിടുള്ള പാറ കോറികളിൽ നിന്നും ടൺ കണക്കിന് ഭാരമുള്ള ഗ്രാനൈറ്റ് പാറകളുമായി ടോറസുകൾ കടന്നു പോകുന്നത്.
അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് അടയമൺ റോഡിലെ വയ്യാറ്റിൻകര പാലം. വീതി കൂട്ടി പലവട്ടം റോഡ് നവീകരിച്ചിട്ടും പാലം നവീകരണം നടന്നിട്ടില്ല. കിളിമാനൂർ ടൗണിലുള്ള കൊച്ചു പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. നിത്യേന ട്രക്കുകളും സർവീസ് ബസുകളും ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത് .