വിതുര: തൊളിക്കോട്-വിതുര റൂട്ടിലെ യാത്രക്കാർ നേരിടുന്ന യാത്രാക്ളേശത്തിന് അറുതിയില്ല. വിതുര, നെടുങ്ങാട് ഡിപ്പോകളിൽ നിന്നും നടത്തിയിരുന്ന സർവീസുകൾ നിലച്ചതാണ് യാത്രാദുരിതം ഇരട്ടിക്കുവാൻ കാരണമായത്. അശാസ്ത്രീയമായ പരിഷ്ക്കാരം നിമിത്തം ഏറെ വലയുന്നത് വിദ്യാർത്ഥികളാണ്. സർവീസുകളുടെ എണ്ണം കുറഞ്ഞതോടെ തിരക്കേറിയ ബസുകളിൽ കയറിപ്പറ്റുവാൻ കഴിയാത്ത അവസ്ഥയാണ്. രാവിലെയും വൈകിട്ടുമാണ് യാത്രാദുരിതം കൂടുതൽ. വിതുരയിൽ നിന്നും ബസിൽ കയറണമെങ്കിൽ തന്നെ വളരെ ക്ലേശമാണെന്നാണ് പരാതി. പ്രധാന കേന്ദ്രങ്ങളിൽ നിന്നു തന്നെ നിറയെ യാത്രക്കാരുമായി പുറപ്പെടുന്നതിനാൽ ഇടക്കിടക്കുള്ള സ്റ്റോപ്പുകളിൽ നിറുത്തി യാത്രക്കാരെ കയറ്റുവാൻ കഴിയാറില്ല. വൈകുന്നേരങ്ങളിൽ നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പുറപ്പെടുന്ന ചില ബസുകൾ തൊളിക്കോട് ഹൈസ്കൂൾ ജംഗ്ഷനിൽ നിറുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. രാവിലെയും വൈകിട്ടും തൊളിക്കോട്-വിതുര റൂട്ടിൽ വിദ്യാർത്ഥികൾക്കായി കൂടുതൽ സർവീസുകൾ നടത്തണമെന്നാവശ്യപ്പെട്ട് അനവധി തവണ നിവേദനം നൽകിയിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.