photo

നെടുമങ്ങാട്: മാലിന്യം അടിഞ്ഞുകൂടി കച്ചവടക്കാരും സന്ദർശകരും രോഗഭീഷണിയിലായ നെടുമങ്ങാട് പബ്ലിക് മാർക്കറ്റിന്റെ ദുരവസ്ഥ മാറ്റാൻ 10 കോടി രൂപയുടെ സമഗ്ര വികസനവുമായി നഗരസഭ. ശുചിത്വമിഷൻ മുഖേന കിഫ്‌ബിയിൽ വകയിരുത്തിയ ഫണ്ട് ഉടൻ ലഭിക്കും. അന്തിമഘട്ട എസ്റ്റിമേറ്റ് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാധികൃതർ. വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ്, ബയോഗ്യാസ് പ്ലാന്റ്, സ്ളാട്ടർ ഹൗസ്, യാർഡ്, ഓർഗാനിക് വേസ്റ്റ് കൺവർട്ടർ എന്നിവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചന്തയിൽ അടിഞ്ഞുകൂടുന്ന മാലിന്യം ഉപയോഗപ്പെടുത്തിയാവും ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം. പഴയ ഷെഡുകൾ നീക്കം ചെയ്ത് നൂതന സാങ്കേതിക വിദ്യയിൽ ശുചിത്വപൂർണമായ ഫിഷ് മാർക്കറ്റ് സജ്ജമാക്കും. രണ്ടു വർഷം മുമ്പ് ഉദ്‌ഘാടനം ചെയ്ത ആധുനിക മത്സ്യമാർക്കറ്റ് നിർമ്മാണത്തിലെ അപാകതകൾ കാരണം ഇപ്പോഴും അടഞ്ഞു കിടപ്പാണ്. ഇവിടെ പാകിയ ഗുണനിലവാരമില്ലാത്ത ടൈലുകളിൽ ചവിട്ടി കച്ചവടക്കാരും ചന്തയിലെത്തുന്നവരും താഴെ വീണ് അപകടം പതിവായതോടെ പുതിയ കെട്ടിടത്തിന് താഴിടുകയായിരുന്നു. നിർമ്മാണ സമയത്തു തന്നെ ടൈൽസ് പാകുന്നതിലെ അപാകത കച്ചവടക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും കരാറുകാർ അത് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. അശാസ്ത്രീയമായി സ്ഥാപിച്ച ശീതീകരണ യൂണിറ്റും ഇതുവരെ പ്രവർത്തിപ്പിക്കാനായിട്ടില്ല.

സന്ദർശകർ പൊട്ടിപ്പൊളിഞ്ഞ ഇടറോഡിലൂടെ ചെന്നുകയറുന്നത് മാലിന്യ കൂമ്പാരത്തിനു നടുക്കാണ്. മൂക്ക് പൊത്താതെ ചന്തയിൽ കയറാനാകില്ല. ഇരുവശത്തും മലിനജലം തളംകെട്ടി കിടക്കും. ഇറച്ചി വില്ക്കുന്നതും മാലിന്യക്കൂനയ്ക്ക് നടുവിലാണ്. മാലിന്യ നീക്കത്തിന് കരാറെടുത്തിരുന്നയാൾ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. സമീപത്തെ വീടുകളിലെ കിണറുകളിൽ മലിനജലം ഒലിച്ചിറങ്ങുന്നതും കാക്കകളും മറ്റു പക്ഷികളും മലിന വസ്തുക്കൾ വീട്ടുമുറ്റങ്ങളിൽ കൊത്തിയിടുന്നതും മാറാദുരിതം വിതയ്ക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ തങ്ങൾ പകർച്ചവ്യാധികൾ പിടിപെട്ട് അധികം താമസിക്കാതെ കിടപ്പിലാവുമെന്നാണ് പരിസരവാസികളുടെയും വ്യാപാരികളുടെയും ഭയം.