kayal

വർക്കല: മത്സ്യകൃഷി പരമ്പരാഗത തൊഴിൽമേഖലയായിരുന്ന ഹരിഹരപുരം കായലോര മേഖലയിൽ മത്സ്യോല്പാദനം ഗണ്യമായി കുറഞ്ഞു വരുന്നതായി പരമ്പരാഗത കായലോര മത്സ്യത്തൊഴിലാളികൾ പറയുന്നു. ഉൾനാടൻ മത്സ്യബന്ധനം തൊഴിലാക്കിയ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാരെയും മത്സ്യസമ്പത്ത് കൂട്ടാനുള്ള ശാസ്ത്രീയ വശങ്ങൾ തേടാതെയും സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ ലക്ഷ്യം കാണാതെ പോവുകയാണ്. ഹരിഹരപുരം സംഘത്തൊടിയിലെ പ്രധാനകടവ് കേന്ദ്രീകരിച്ച് ദിവസവും 25ഓളം വളളങ്ങൾ മത്സ്യബന്ധനത്തിനായി പോകുന്നുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് മത്സ്യം ലഭിക്കാറില്ല. വലയിലാകുന്ന കരിമീനും കൊഞ്ചും വളരെ അപൂർവവുമാണ്.

വർഷാവർഷം സർക്കാർതലത്തിൽ നടത്തുന്ന ചെമ്മീൻകുഞ്ഞ് നിക്ഷേപിക്കലും പരാജയമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കായൽതീരം കേന്ദ്രീകരിച്ച് പ്രത്യേകം തയ്യാറാക്കുന്ന ജലാശയങ്ങളിൽ ചെമ്മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും അവയുടെ തുടർപരിപാലനവും നടത്തി കായലിലേക്ക് നിക്ഷേപിക്കുന്നതിനു പകരം കുഞ്ഞുങ്ങളെ നേരിട്ട് കായലിൽ നിക്ഷേപിക്കുന്നതു കൊണ്ടാണ് അവ വലിയമത്സ്യങ്ങൾക്ക് ആഹാരമായി പൂർണമായും ഇല്ലാതാവുന്നത്. ഇതൊക്കെത്തന്നെ കായൽ മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു പരിധിവരെ കാരണമാകുന്നത്. വിശാലമായ കായൽമത്സ്യസമ്പത്ത് ഉയർത്താൻ ശാസ്ത്രീയമായ പുതിയ രീതികൾ പരീക്ഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ അഭിപ്രായപ്പെടുന്നത്

ഉൾനാടൻ മത്സ്യകൃഷി പരിസ്ഥിതി സൗഹൃദവും പരിസരവാസികൾക്ക് പ്രയോജനകരവുമാകുന്നതോടെ കൂടുതൽ പേരേ മത്സ്യകൃഷിയിലേക്ക് ആകർഷിക്കാനാകും. ആലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച മത്സ്യകൃഷി ഹരിഹരപുരം പോലുളള കായലുകളിലും വിജയകരമായി നടപ്പിലാക്കാൻ കഴിയുന്നതാണ്. സർക്കാർ തലത്തിൽ ജനപങ്കാളിത്വത്തോടെ ശാസ്ത്രീയമാർഗ്ഗം ഉറപ്പാക്കിയാൽ മത്സ്യലഭ്യതയും വരുമാനവും ഉയരുമെന്ന് ഉറപ്പാണ്. രണ്ട് പതിറ്റാണ്ടുമുമ്പ് ഹരിഹരപുരത്ത് മത്സ്യലേലം സജീവമായിരുന്നു. ഇന്ന് ഈ മേഖലകൾ വിജനമാണ്.