navarathri

പദ്മനാഭപുരം: കേരള, തമിഴ്നാട് സർക്കാരുകൾ സംയുക്തമായി നടത്തിവരുന്ന നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ പുറപ്പാട് ചടങ്ങിൽ നിന്ന്‌ തമിഴ്നാടിന്റെ ജനപ്രതിനിധികൾ വിട്ടുനിന്നു. കന്യാകുമാരി എം.പി വസന്തകുമാർ, പദ്മനാഭപുരം എം.എൽ.എ മനോതങ്കരാജ് എന്നിവർ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി.

പ്രദേശത്തെ ഭക്തജനങ്ങളിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കി. കൊട്ടാരം കേരളത്തിന്റെ വകയാണെങ്കിലും തമിഴ്, മലയാള ഭേദമില്ലാതെയാണ് വിഗ്രഹ ഘോഷയാത്ര കൊണ്ടാടുന്നത്. സംസ്ഥാനാതിർത്തിവരെ വിപുലമായ രീതിയിലാണ് സ്വീകരണം നൽകുന്നത്. കഴിഞ്ഞ തവണ വിഗ്രഹ ഘോഷയാത്രയ്ക്കു ആദരവുമായി കന്യാകുമാരി എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന പൊൻ രാധാകൃഷ്ണനും എം.എൽ.എ മനോതങ്കരാജും എത്തിയിരുന്നു. കന്യാകുമാരി സബ് കളക്ടർ ശരണ്യ അറിയും അഡിഷണൽ കളക്ടർ രാഹുൽ നാഥും മാത്രമാണ്‌ ഇന്നലെ എത്തിയത്.

പദ്മനാഭപുരം കൊട്ടാരത്തിന്റെ കോട്ടമതിൽ തകർക്കുന്നതിനും കൈയേറുന്നതിനുമൊക്കെ സ്വകാര്യ വ്യക്തികളുടെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായപ്പോൾ അത് തടയുന്നതിന് തമിഴ്നാട് സർക്കാർ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് കേരള സർക്കാർ ഔദ്യോഗികമായ ഇടപെട്ടപ്പോഴാണ് കൈയേറ്റ ശ്രമങ്ങൾ അവസാനിച്ചത്.

''തമിഴ്നാട് എം.പിയും എം.എൽ.എയും എത്തുമെന്നാണ് തലേന്ന് രാത്രിയിലും അറിയിച്ചിരുന്നത്. വരാതിരുന്നതിന്റെ കാരണം വ്യക്തമായി അറിയില്ല''

-സി.എസ്. അജിത്‌കുമാർ,​ പദ്മനാഭപുരം കൊട്ടാരം ചാർജ് ഓഫീസർ