chandi

തിരുവനന്തപുരം: പൗരന് വോട്ടവകാശം പോലെ പ്രധാനപ്പെട്ടതാണ് അറിയാനുള്ള അവകാശമെന്നും അതിൽ വെള്ളം ചേർക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ ക്ലബ് സംഘടിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടുകടത്തൽ വാർഷികാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വോട്ട് ചെയ്യാനല്ലാതെ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ നേരത്തേ ജനത്തിന് അവകാശമില്ലായിരുന്നു. എന്നാൽ അറിയാനുള്ള അവകാശം നിയമമായി വന്നതോടെ ഏതു പൗരനും എപ്പോൾ വേണമെങ്കിലും ഭരണത്തിൽ ഇടപെടാമെന്ന സ്ഥിതിയായി. എന്നാൽ ജനാധിപത്യത്തിന് ചേരാത്ത വിധം ഈ അവകാശത്തിലും ഇപ്പോൾ നിയന്ത്രണങ്ങൾ വയ്ക്കുകയാണ്. ഭയരഹിതമായ സാഹചര്യത്തിലേ സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണമാകൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പ്രസ്‌ ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി എം. രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം, കെ.പി. മോഹനൻ, വി.ബി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.