കോവളം : മദ്യലഹരിയിലെത്തിയ പിതാവിന്റെ ആക്രമണത്തിൽ നിന്ന് മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച പതിന്നാലുകാരനെ വെട്ടിപരിക്കേല്പിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. വെങ്ങാനൂർ മുട്ടയ്ക്കാട് അനിൽ ഭവനിൽ അനിൽകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ അനിൽകുമാർ കത്തി ഉപയോഗിച്ച് ഭാര്യ റീനയെ ആക്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച ആരോമലിന്റെ കാലിൽ വെട്ടുകയുമായിരുന്നു. പാദത്തിന് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോമൽ കഴിഞ്ഞ ദിവസം സ്കൂളിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ക്ലാസ് ടീച്ചർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതോടെ കോവളം പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അനിൽകുമാറിനെ കോവളം എസ്.എച്ച് ഓ പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്യുകയും ഇന്നലെ കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.