medical-college-tvm

തിരുവനന്തപുരം: മികച്ച സേവനങ്ങളിലൂടെയും വിജയകരമായ ശസ്ത്രക്രിയകളിലൂടെയും രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം. 2018ൽ നടന്ന കൊറോണറി ആൻജിയോപ്ലാസ്റ്റികളിൽ 3924 എണ്ണം വിജയകരമായി പൂർത്തിയാക്കിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
കാർഡിയോളജി വിഭാഗത്തിൽ ഒരുമാസം 450 മുതൽ 600 ആൻജിയോപ്ലാസ്റ്റികളാണ് നടന്നുവരുന്നത്. 2018 അവസാനത്തോടുകൂടി പുതിയ ഒരു കാത്ത് ലാബ് കൂടി സ്ഥാപിച്ചതിനാൽ ഈ വർഷം ചികിത്സ കൂടുതൽ വേഗത്തിലായിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കൽ കോളേജിലെ കാത്ത്ലാബുകളിൽ ലഭിക്കുന്നത്. ലാബ് 24 മണിക്കൂറും വിശ്രമമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ആൻജിയോപ്ലാസ്റ്റിക്കൊപ്പം പേസ്‌മേക്കർ വച്ചുപിടിപ്പിക്കൽ, ഹൃദയസുഷിരമടയ്ക്കൽ, ഹൃദയപേശികളുടെ പ്രവർത്തനമാന്ദ്യം പരിഹരിക്കൽ, കാർഡിയാക് അറസ്റ്റിനുള്ള ചികിത്സ എന്നിവയടക്കം ഇവിടെ നടന്നുവരുന്നു. അതുകൊണ്ടുതന്നെ കാർഡിയോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 1997ൽ ആദ്യ കാത്ത് ലാബ് സ്ഥാപിച്ചതുമുതൽ ഹൃദയസംബന്ധമായ അസുഖത്തിന് മെച്ചപ്പെട്ട ചികിത്സ മെഡിക്കൽ കോളേജിലും ലഭിച്ചുതുടങ്ങി. വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും നടത്തുന്നു. മുതിർന്നവർക്കൊപ്പം കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനവും ഇവിടെയുണ്ട്. കുട്ടികളുടെ ചികിത്സയ്ക്കായി മന്ത്രി കെ.കെ. ശൈലജ പ്രത്യേക ജാഗ്രത പുലർത്തിയതിന്റെ ഭാഗമായാണ് പീഡിയാട്രിക് കാർഡിയാക് സർജറി യാഥാർത്ഥ്യമായത്. ഡോ. സുനിതാ വിശ്വനാഥന്റെ നേതൃത്വത്തിൽ കാർഡിയോളജി വിഭാഗവും ഡോ. അബ്ദുൾ റഷീദിന്റെ മേൽനോട്ടത്തിൽ കാർഡിയോ തൊറാസിക് സർജറി വിഭാഗവും കൈവരിച്ച നേട്ടങ്ങൾ മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗത്തെ കൂടുതൽ ജനകീയമാക്കി. നാളെ ലോകഹൃദയ ദിനമായി ആചരിക്കുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം നൽകിയ സേവനം ഒരിക്കൽ കൂടി സ്മരിക്കാവുന്നതാണ്.