baby

കിളിമാനൂർ: യുവതിക്ക് വീട്ടിൽ സുഖപ്രസവം. പ്രസവാനന്തര ശുശ്രൂഷ നൽകി 108 ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നിഷ്യനും ഡ്രൈവറും. നഗരൂർ പഞ്ചായത്തിലെ കേശവപുരം സുജിത് ഭവനിൽ സുനിൽകുമാറിന്റെ ഭാര്യ അനിത (30)യാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ന് കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ 108 ആംബുലൻസിലേക്ക് അനിതയുടെ വീട്ടുകാർ വിളിച്ചിരുന്നു. ടെക്നിഷ്യൻ ഗണേഷും ഡ്രൈവർ രാഹുലും വീട്ടിലെത്തിയപ്പോഴേക്കും അനിത പെൺകുഞ്ഞിന് ജന്മം നൽകി. ഇവർ വീട്ടിൽ എത്തുമ്പോഴേക്കും വീട്ടുകാർ കത്രിക കൊണ്ട് പൊക്കിൾക്കൊടി വേർപെടുത്തിയതോടെ അനിത രക്തം വാർന്നു കിടക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി അമ്മയെയും കുഞ്ഞിനെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കേരള സർക്കാരിന്റെ പുതിയ 108 സർവീസ് പദ്ധതി ഏർപ്പെടുത്തിയശേഷമുള്ള ആദ്യത്തെ ശുശ്രൂഷകളിലൊന്നായിരുന്നു ഇത്.