congress-flag

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിലെ പത്രികാസമർപ്പണത്തിന് നാല് നാൾ ശേഷിക്കെ, കോന്നിയെച്ചൊല്ലി അടൂർ പ്രകാശ് എം.പി ഇടഞ്ഞു നിൽക്കുന്നത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി.

കോന്നി എ ഗ്രൂപ്പുമായി വച്ചുമാറി എ ഗ്രൂപ്പുകാരനായ മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജിനെ മത്സരിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്. കോന്നിയും അരൂരും എ, ഐ ഗ്രൂപ്പുകൾ വച്ചുമാറുന്നതിൽ ഏകദേശ ധാരണയായെങ്കിലും അടൂർ പ്രകാശിനെ അനുനയിപ്പിച്ച ശേഷമാവും അന്തിമ പ്രഖ്യാപനം. ഐ ഗ്രൂപ്പ് ഏറ്റെടുക്കുന്ന അരൂരിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം. ദീപുവിനെ മത്സരിപ്പിക്കാനാണ് നീക്കം. ഡി.സി.സി പ്രസിഡന്റ് എം. ലിജു മത്സരിക്കാനില്ലെന്ന് അറിയിച്ചെങ്കിലും അദ്ദേഹവും ത്രിവിക്രമൻതമ്പി, ഷാനിമോൾ ഉസ്മാൻ എന്നിവരും സാദ്ധ്യതാപട്ടികയിലുണ്ട്. ഇന്നല്ലെങ്കിൽ നാളെ, നാല് സീറ്റിലെയും പട്ടികയിൽ ധാരണയായി ഹൈക്കമാൻഡിന്റെ അനുമതിയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം.

വട്ടിയൂർക്കാവിൽ മനുഷ്യാവകാശ കമ്മിഷൻ അംഗമായ മുൻ എം.എൽ.എ കെ. മോഹൻകുമാറിന്റെയും, എറണാകുളത്ത് ടി.ജെ. വിനോദിന്റെയും കാര്യത്തിൽ ധാരണയായി. വട്ടിയൂർക്കാവിൽ ആദ്യം പരിഗണിച്ച

പീതാംബരക്കുറുപ്പിനെതിരെ പ്രാദേശിക നേതൃത്വം ഉയർത്തിയ പ്രതിച്ഛായാപ്രശ്നവും,

ഇടത് സ്ഥാനാർത്ഥിയായി യുവനേതാവായ മേയർ എത്തിയതുമെല്ലാമാണ് പുനർചിന്തനത്തിന് നേതൃത്വത്തെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി കെ. മുരളീധരനുമായി നേതാക്കൾ സംസാരിച്ചു. മുരളീധരൻ ഇടഞ്ഞുനിന്നെങ്കിലും ഇന്നലെ പകൽ നടന്ന ചർച്ചകളിലാണ് കാര്യങ്ങൾക്ക് തീർപ്പായത്.

മോഹൻകുമാർ ഇന്ന് രാവിലെ 10.30ന് രാജ്ഭവനിലെത്തി മനുഷ്യാവകാശ കമ്മിഷൻ അംഗത്വത്തിൽ നിന്നുള്ള രാജി ഗവർണർക്ക് സമർപ്പിക്കും. പാലക്കാട് കമ്മിഷൻ സിറ്റിംഗിൽ പങ്കെടുക്കാൻ കഴിഞ്ഞദിവസം പുറപ്പെട്ട മോഹൻകുമാർ നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഇന്നലെ രാവിലെ തലസ്ഥാനത്തെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി. തുടർന്ന് കെ. മുരളീധരനെ വസതിയിലെത്തി കണ്ടു. ഈ കൂടിക്കാഴ്ചയിൽ മഞ്ഞുരുകി. മുമ്പ് വട്ടിയൂർക്കാവിൽ ആദ്യമായി മത്സരിക്കാനെത്തിയപ്പോൾ മോഹൻകുമാറിനെ കാണാനെത്തിയ മുരളീധരനോട് അദ്ദേഹം മോശമായി സംസാരിച്ചതാണ് മുരളിയുടെ പിണക്കത്തിന് കാരണം. വട്ടിയൂർക്കാവിന്റെ പഴയ രൂപമായ തിരുവനന്തപുരം നോർത്തിന്റെ എം.എൽ.എ ആയിരുന്നു 2001ൽ മോഹൻകുമാർ. മുരളീധരന് വേണ്ടിയാണ് അദ്ദേഹത്തെ 2011ൽ മാറ്റിയത്. ഡി.സി.സി പ്രസിഡന്റായിരുന്ന മോഹൻകുമാറിനെ കഴിഞ്ഞ ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് മനുഷ്യാവകാശ കമ്മിഷനിലെത്തിച്ചത്. സംഘാടകനും വാഗ്മിയുമായ അദ്ദേഹത്തിന് എൻ.എസ്.എസുമായും നല്ല ബന്ധമുണ്ട്. സ്ഥാനാർത്ഥിയെച്ചൊല്ലി തർക്കത്തിനില്ലെന്ന് ഇന്നലെ കെ. മുരളീധരൻ പറഞ്ഞു. യു.ഡി.എഫിനുള്ള അനുകൂലമായ ട്രെൻഡ് ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിൽ അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഡി.സി.സി നേതൃത്വം. ജയസാദ്ധ്യത റോബിന് മാത്രമാണെന്നും അദ്ദേഹമില്ലെങ്കിൽ തന്റെ സഹകരണം വേണ്ട രീതിയിലുണ്ടാവില്ലെന്നും കഴിഞ്ഞദിവസം രാത്രി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ ചർച്ചയിൽ പ്രകാശ് വ്യക്തമാക്കി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രകാശുമായി സംസാരിച്ചു. റോബിൻപീറ്ററെ മുല്ലപ്പള്ളി വിളിച്ചുവരുത്തി പാർട്ടി തീരുമാനം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു. സാമുദായിക സന്തുലിതാവസ്ഥ പറഞ്ഞാണ് ഒടുവിൽ മോഹൻരാജിലേക്കെത്തിയത്. പി.ജെ. കുര്യനും ചരടുവലിച്ചു. എൻ.എസ്.എസിന്റെയും സമ്മർദ്ദമുണ്ടായതായി പറയുന്നു. ഇതോടെ, അരൂരിലേക്ക് പറഞ്ഞുകേട്ട എ ഗ്രൂപ്പുകാരനായ എസ്. രാജേഷിന്റെ സാദ്ധ്യതയും മങ്ങി.