പാറശാല: ' പാഠം ഒന്ന് പാടത്തേക്ക് " പദ്ധതിയുടെ ഭാഗമായി കുളത്തൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കോണം ഏലായിൽ നടന്ന കൊയ്ത്തുത്സവത്തിൽ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കാളികളായി. വിളവെടുപ്പിന് മുൻപായി നെല്ലിക്കോണം ഏലായിൽ നടന്ന പൊതുയോഗം കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽസി ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡാങ്സ്റ്റൻ സി. ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ലാൽ, കുളത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മഞ്ജുഷ. എ.ആർ, വാർഡ് മെമ്പർ ശശീന്ദ്രൻ, കൃഷിഭവൻ ഉദ്യോഗസ്ഥരായ അനൂപ്, ചിത്ര എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പാടശേഖര സമിതി കൺവീനർ കെ.ജി. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ ആണ് ഏലായിലെ ഒരു നിലം കൊയ്ത്തുത്സവത്തിനായി ഒരുക്കി നൽകിയത്.