school-kalolsavam

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ സ്‌കൂൾ മേളകളുടെ തീയതികളായി. സംസ്ഥാന കലോത്സവം നവംബർ 28 മുതൽ ഡിസംബർ ഒന്നു വരെ കാഞ്ഞങ്ങാട്ടും കായികമേള നവംബർ 14 മുതൽ 17 വരെ കണ്ണൂർ മങ്ങാട്ടുപറമ്പിലും നടക്കും. സംസ്ഥാന സ്‌കൂൾ ശാസ്ത്ര നാടക മത്സരം ഒക്ടോബർ 15 ന് കൊല്ലത്ത് നടക്കും. സ്‌പെഷ്യൽ സ്‌കൂൾ മേള ഒക്ടോബർ 18- മുതൽ 20 വരെ ഒറ്റപ്പാലത്തും ശാസ്ത്രമേള നവംബർ 13 ന് കുന്നംകുളത്തും നടത്താൻ ഇന്നലെ ചേർന്ന ക്യു.ഐ.പി (ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം) യോഗം തീരുമാനമെടുത്തു.

ഒക്ടോബറിൽ സ്‌പെഷ്യൽ പി.ടി.എ

ഒക്ടോബറിൽ സ്‌കൂളുകളിൽ സ്‌പെഷ്യൽ പി.ടി.എ.യോഗം ചേരും. അദ്ധ്യാപകർ കുട്ടികളുടെ സഹരക്ഷിതാക്കളായി പ്രവർത്തിക്കുന്ന മെന്ററിംഗ് പദ്ധതി, സമഗ്ര പോർട്ടൽ, പഠനോത്സവങ്ങൾ തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും രക്ഷിതാക്കളെ സ്‌കൂളുമായി കൂടുതൽ ബന്ധപ്പെടുത്തുന്നതിനുമാണ് യോഗം ചേരുന്നത്.
എൽ.എസ്.എസ് പരീക്ഷ വിജയിച്ച എല്ലാ കുട്ടികൾക്കും വേണ്ടി പ്രതിഭാ പോഷണ പരിപാടി മൂന്നു ദിവസത്തെ ജില്ലാതല ക്യാമ്പ് എന്ന നിലയിൽ സംഘടിപ്പിക്കും. ശാസ്ത്ര വിഷയങ്ങളിൽ നൂതനാശയങ്ങൾ രൂപീകരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഈ അദ്ധ്യയന വർഷം രൂപം നൽകാനും തീരുമാനിച്ചു.
കായികാദ്ധ്യാപകരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര പ്രാധാന്യം നൽകണമെന്ന് സംഘടനാ നേതാക്കൾ യോഗത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ ഉത്തരവുകളും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറുകളും നടപ്പാക്കാതിരിക്കുകയും, സ്വന്തമായി വ്യാഖ്യാനിച്ച് ഉത്തരവിറക്കുകയും ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടി അനുവദിക്കില്ലെന്ന് ഡി.പി.ഐ സംഘടനകൾക്ക് ഉറപ്പുനൽകി.
യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു അദ്ധ്യക്ഷനായി. സംഘടനാ നേതാക്കളായ എൻ.ശ്രീകുമാർ, കെ.സി.ഹരികൃഷ്ണൻ, അജിത്കുമാർ, എ.കെ.സൈനുദ്ദീൻ, ജെയിംസ് കുര്യൻ, അനൂപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.