തിരുവനന്തപുരം : വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്ന് ഒരു വർഷം പൂർത്തിയായ ദിവസം അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് തേജസ്വിനി ബാലയെന്ന് പേരിട്ടു. ബുധനാഴ്ച പുലർച്ചെ 2.45നാണ് അമ്മത്തൊട്ടിലിൽ നിന്ന് പെൺകുഞ്ഞിനെ ലഭിച്ചത്.
പുലർച്ചെ ഹൈടെക്ക് തൊട്ടിലിൽ എത്തിയ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് ബീപ് സൈറൺ മുഴങ്ങി. ഒപ്പം മോണിട്ട്റിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശവുമെത്തി. ദത്തെടുക്കൽ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സൂര്യരാജിന്റെ നേതൃത്വത്തിൽ തുടർപരിചരണം നടത്തി. 2.50 കി.ഗ്രാം ഭാരമുള്ള കുട്ടി പൂർണ ആരോഗ്യവതിയാണ്. അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന 272-ാമത്തെ കുട്ടിയാണിത്. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ദീപക് എസ്.പി. അറിയിച്ചു.